മാന്നാർ: ഗതാഗത നിയന്ത്രണത്തിനായി മാന്നാറിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ഏറെ നാളത്തെ ആവശ്യം സാക്ഷാത്കരിച്ചത് നാല് വർഷം മുൻപാണ്. ഒരു കിലോ മീറ്ററിനുള്ളിൽ മൂന്ന് ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചാണ് ആവശ്യം നിറവേറ്റിയത്. മാന്നാർ ടൗൺ, തൃക്കുരട്ടി ജംഗ്ഷൻ, സ്റ്റോർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വലിയ ആഘോഷങ്ങളോടെ ഉദ്ഘാടനങ്ങൾ നടത്തിയത്.
എന്നാൽ ഈ ആഹ്ലാദങ്ങൾ അധികനാൾ നീണ്ട് നിന്നില്ല. ലൈറ്റുകൾ പലപ്പോഴും പ്രവർത്തനരഹിതമായിരുന്നു. എറെ തിരക്കുള്ള മാന്നാർ ടൗണിലെ സിഗ്നൽ ലൈറ്റാണ് പലപ്പോഴും പ്രവർത്തിക്കാത്തത്. ഇത് ഗതാഗത തിരക്ക് വർധിക്കാനും ഗതാഗതക്കുരുക്ക് രൂക്ഷമാകുവാനും കാരണമായി. സിഗ്നൽ ലൈറ്റ് ഇല്ലാതിരുന്ന കാലത്ത് ഗതാഗതം നിയന്ത്രിക്കാൻ ടൗണിൽ സ്ഥിരമായി ഒരു പോലീസ് ഉദ്യോഗസ്ഥനും ഹോം ഗാർഡും ഉണ്ടായിരുന്നു.
സിഗ്നൽ വന്നതോടെ ഇവരുടെ സേവനം ഇല്ലാതായി. ഇതോടൊപ്പം ലൈറ്റ് കൂടി ഇല്ലാതായതോടെ വാഹനങ്ങളുടെ വരവും പോക്കും തോന്നിയതു പോലെയായി. അപകടങ്ങളും ഇവിടെ പതിവായി. കഴിഞ്ഞ ആറ് മാസങ്ങളായി മൂന്നിടങ്ങളിലെയും സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല.
സജി ചെറിയാൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അരക്കോടിയോളം മുടക്കിയാണ് മൂന്നിടങ്ങളിലായി ഇവ സ്ഥാപിച്ചത്. ലൈറ്റുകൾ സ്ഥാപിച്ചതല്ലാതെ മറ്റ് സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കിയിരുന്നില്ല. വീതി കുറഞ്ഞ റോഡിൽ സിഗ്നൽ ലൈറ്റിന് സമീപത്തായിട്ടാണ് ബസ് സ്റ്റോപ്പ്.
ഈ സ്റ്റോപ്പുകൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കാൻ കഴിയാഞ്ഞത് ടൗണിലെ കുരുക്ക് മുറുകാൻ കാരണമായി. പൊതുമരാമത്ത് അധികൃതർപറയുന്നത് ട്രാഫിക് സിഗ്നൽ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതിനാൽ അവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ്.
സിഗ്നൽ പ്രവർത്തിപ്പിക്കാനല്ലെങ്കിൽ സർക്കാർ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചത് എന്തിനാണന്നാണ് നാട്ടുകാരുടെ ചോദ്യം. ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം സിഗ്നൽ ഭാഗത്ത് അധികൃത പാർക്കിംഗും ബസുകൾ നിർത്തുന്നതും ഒഴിവാക്കി മാന്നാറിലെ ഗതാഗതം സുഗമമാക്കുവാൻ അധികൃതർ ശ്രമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.