മണ്ണാർക്കാട്: മണ്ണാർക്കാട് മലയോര മേഖലയിലെ ആദിവാസികളുടെ പുനരധിവാസം കേവലം കടലാസിലൊതുങ്ങുന്നു. ഇതുമൂലം ബുദ്ധിമുട്ടുന്നതു നാനൂറ്റിയന്പതോളം ആദിവാസികൾ. ശക്തമായി നാലുദിവസം മഴ പെയ്താൽആദിവാസികളുടെ ദുരിതകാലം തുടങ്ങുകയായി.
ഉരുൾപൊട്ടാൻ സാധ്യത ഉടൻ മലയിറങ്ങി ദുരിതാശ്വാസക്യാന്പിൽ എത്തണം എന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശം വരും. തയ്യാറായില്ലെങ്കിൽ ഭീഷണി. ഉടനെ കയ്യിൽ കിട്ടുന്നത് എടുത്ത് വളർത്തുമൃഗങ്ങളെയും ഉപേക്ഷിച്ച് മലയിറങ്ങും .
ദിവസങ്ങളോളം ദുരിതാശ്വാസ ക്യാന്പിൽ, മഴ മാറി വീട്ടിൽ എത്തുന്പോൾ ബാക്കിയുള്ളതിൽ നിന്നും തുടങ്ങണം പുതിയ ദുരിത ജീവിതം. ഇതാണ് ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിലെ ആദിവാസികളുടെ അവസ്ഥ.
കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മൂന്നു കോളനികളിലെ 141 കുടുംബങ്ങളിലെ 410 ആദിവാസികളുടെ കരളലിയിക്കുന്ന ചോദ്യത്തിനാണ് ഉത്തരം ഇല്ലാതാകുന്നത്.
ഇരുന്പകച്ചോല, വെള്ളത്തോട് കോളനിയിൽ 52 കുടുംബങ്ങളും, പൂഞ്ചോല, പാന്പൻതോട് കോളനിയിലെ 72 കുടുംബങ്ങളും, തെങ്കരയിലെ ആനമൂളി പാലവളവ് കോളനിയിലെ 16 കുടുംബങ്ങളെയുമാണ് മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാറ്റിപ്പാർപ്പിക്കാണം എന്ന് ജിയോളജി വകുപ്പ് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ രണ്ടു വർഷവും ഈ കോളനികളുടെ സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന് ഇവരെ ദുരിതാശ്വാസക്യാന്പിൽ എത്തിച്ചിരുന്നു. ഈ വർഷവും അതുണ്ടായി. 320 ആദിവാസികളാണ് ഇപ്പോൾ വിവിധ ക്യാന്പുകളിലായി കഴിയുന്നത്. പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആണെന്ന് ആദിവാസികൾ പറഞ്ഞു.
അടുത്ത വർഷമാകുന്പോഴേക്കും മഴക്കാലത്ത് പേടിയില്ലാതെ കിടന്നുറങ്ങാൻ ഒരു വീട് സർക്കാർ നിർമ്മിച്ചു നൽകണമെന്ന് കോളനിക്കാരുടെ ആവശ്യം. പുനരധിവാസത്തിനായി ഉള്ള സ്ഥലങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
നടപടികൾ വേഗത്തിലാക്കും എന്നാണ് മണ്ണാർക്കാട് തഹസിൽദാർ പറയുന്നത്. ദുരിതാശ്വാസക്യാന്പുകളിൽ കോവിഡ് ഭീതി നിലനിൽക്കുന്നുണ്ട്. ആദിവാസികളെ ആറുമാസത്തിനകം പുനരധിവസിപ്പിക്കണം. മഴക്കാലമായാൽ ക്യാന്പിൽ കഴിയേണ്ട ദുരവസ്ഥ ഉണ്ടാകരുത് എന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ഗിരിജ പറയുന്നു.
പാന്പൻതോട് കോളനിയിലെ 58 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് പാങ്ങോട് 6.8 ഏക്കർ സ്ഥലം കണ്ടെത്തി. തഹസിൽദാർ ഭൂമിയുടെ വില നിർണയിച്ച് തുടർ നടപടികൾ സ്വീകരിക്കണം .കോളനിക്കാർ രണ്ട് ഉരുൾപൊട്ടലിനേയും അതിജീവിച്ചു .
കോളനിയിലെ 52 കുടുംബങ്ങൾക്ക് വർമ്മംകോട് ഭാഗത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഒരു കുടുംബത്തെ പുനരധിവസിപ്പിക്കാൻ പത്തുലക്ഷം രൂപ എന്ന തോതിൽ തുക അനുവദിച്ചു .
തുക സ്ഥലം വാങ്ങാനും വീട് നിർമാണത്തിനും ഉപയോഗിക്കാം. പദ്ധതി നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ.വി വിജയദാസ് എംഎൽഎ പറഞ്ഞു. ആദിവാസികളുടെ വർഷങ്ങളായുള്ള ഈ ആവശ്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യമാണ് ഇപ്പോൾ ഉയരുന്നത് .
ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് ആദിവാസി വികസനത്തിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നത് ഈ തുക ലക്ഷ്യം കാണാതെ പോവുകയാണ്. ഈ വിഷയത്തിൽ ഇതിൽ അധികൃതർ നടപടിയടുക്കണമെന്ന് ആദിവാസികൾ ആവശ്യം.