മണ്ണാർക്കാട്: ബസ് സ്റ്റാൻഡിലെ ഓട്ടോ പാർക്കിംഗ് പ്രശ്ന പരിഹാരത്തിനായി അഞ്ചുനിർദ്ദേശങ്ങളുമായി നഗരസഭ. ചെയർപേഴ്സണ്‍ എം.കെ.സുബൈദയുടെ അധ്യക്ഷതയിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഓട്ടോറിക്ഷ ഡ്രൈവർമാരുമായാണ് ചർച്ച നടന്നത്.
ബസ് സ്റ്റാൻഡിൽ ബസുകളുടെ അധികനേര പാർക്കിംഗ്, സ്റ്റാൻഡിനുള്ളിൽ ഓട്ടോ റിക്ഷകളുടെ അനിയന്ത്രിത ഓട്ടം തുടങ്ങിയവ ചർച്ചയിൽ വിഷയങ്ങളായി. ഓട്ടോറിക്ഷ പാർക്കിംഗിനെതിരെ ബസ് ഓണേർസ് ഹൈക്കോടതിയെ സമീപിച്ചതാണ് ചർച്ചവിളിച്ചു കൂട്ടാൻ തീരുമാനമായത്.
വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, നഗരസഭ കൗണ്‍സിലർമാർ തുടങ്ങിയവർ യോഗത്തിൽ അഭിപ്രായങ്ങൾ ഉയർത്തി. ബസ് സ്റ്റാൻഡിൽ അന്യവാഹനങ്ങളുടെ പാർക്കിംഗ്, അനധികൃത ഓട്ടോകൾ എന്നിവ നിരോധിച്ചതായി തുടർന്ന് ചെയർപേഴ്സണ്‍ എം.കെ.സുബൈദ അറിയിച്ചു.
പ്രൈവറ്റ് ബസുകളുടെ പാർക്കിംഗ് സമയം 20 മിനിറ്റും, കഐസ്ആർടിസി 15 മിനിറ്റുമായി പരിമിതപ്പെടുത്തും. 20 മിനിറ്റിൽ കൂടുതൽ സമയം അവശ്യമുള്ള ബസുകൾക്ക് കോടതിപ്പടിയിൽ നിർമാണം പുരോഗമിക്കുന്ന ബസ് ബേയിൽ സൗകര്യമൊരുക്കും. സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ യാത്രക്കാരെ കയറ്റി ക്രോസ് ചെയ്യാൻ പാടില്ല.
ബസുകൾ സ്റ്റാൻഡിന്റെ ഉൾവശത്തായി യാത്രക്കാരെ ഇറക്കണമെന്നും സുബൈദ നഗരസഭയുടെ തീരുമാനം വിശദീകരിച്ചു.