മണ്ണാർക്കാട്: ആലപ്പുഴ ജില്ലയുടെ വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിൽ മോഷണപരന്പര ശക്തമാകുന്പോഴും പോലീസ് നോക്കുകുത്തിയെന്ന് പരാതി. മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മോഷണപരന്പര പോലീസിനെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. വിസ്തൃതമായി കിടക്കുന്ന മണ്ണാർക്കാട് പോലീസ് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലാണ് മോഷണം വ്യാപകമാകുന്നത്.
ഇതിന്റെ നേർക്കാഴ്ചയാവുകയാണ് പയ്യനെടത്തെ മോഷണം. ഏറ്റവുമൊടുവിലായി ഉണ്ടായ മോഷണത്തിൽ വഴിപ്പറന്പിൽ മറിയുമ്മയുടെ വീട്ടിൽനിന്നും പതിനേഴര പവൻ സ്വർണവും 10000 രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. പ്രഭാത നമസ്കാരം കഴിഞ്ഞ് മറിയുമ്മയും മകന്റെ ഭാര്യയും വീടിനടുത്തുള്ള താത്കാലിക അടുക്കളയിൽ ഭക്ഷണം ഒരുക്കുകയായിരുന്നു.
ഇതിനിടെ സാധനങ്ങൾ എടുക്കാനായി വീട്ടിൽ കയറിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി മനസ്സിലായത്. മണ്ണാർക്കാട് എസ്.ഐ അരുണ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഒരു മാസത്തിനിടെ പയ്യനെടത്തെ മൂന്നാമത്തെ മോഷണമാണിത്. രണ്ടാഴ്ച മുന്പ് കുത്താട്ട് ഹാരിസിന്റെ വീട്ടിൽനിന്നും പണവും കഴിഞ്ഞയാഴ്ച പയ്യനെടം കുറുന്പ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള അധ്യാപികയുടെ വീട്ടിലും മോഷണം നടന്നിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽമൂലം സർക്കാരിന് ഫണ്ട് ഉണ്ടാക്കുന്നതിനായി വാഹനങ്ങളിൽനിന്നും പിഴ ഇടയാക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്യുകയാണ് പോലീസ്. രാത്രി പട്രോളിംഗ് സജീവമാക്കാനോ മേഖലയിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി പട്രോൾ ഗ്രൂപ്പുകൾ രൂപീകരിക്കാനോ പോലീസ് ശ്രമിക്കുന്നില്ലത്രേ.