മണ്ണാർക്കാട്: കുടിവെള്ളവിതരണം പുതിയ പൈപ്പിലേക്ക് മാറ്റുന്നതിന് നടപടികൾ വൈകുന്നതിനാൽ നവീകരിച്ച ദേശീയപാതയിൽ പത്തിടങ്ങളിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. ഇതുമൂലം ദേശീയപാതയുടെ തകർച്ചയ്ക്കു കാരണമാകുകയാണ് വാട്ടർ അതോറിറ്റിയുടെ പഴയ കുടിവെള്ള പൈപ്പുകൾ. കുന്തിപ്പുഴ മുതൽ നെല്ലിപ്പുഴവരെയുള്ള പാത നവീകരണം ഉൗരാളുങ്കൽ സൊസൈറ്റി പൂർത്തിയാക്കിയെങ്കിലും പൈപ്പ് മാറ്റൽ നടക്കാത്തതിനാൽ റോഡിന്റെ തകർച്ചയായിരിക്കും ഫലം.
കുന്തിപ്പുഴ മുതൽ ആൽത്തറ വരെയുള്ള ഭാഗങ്ങൾക്കിടയിൽ പത്തോളം സ്ഥലങ്ങളിലാണ് കുടിവെള്ളപൈപ്പിന് ചോർച്ചയുള്ളത്. കുന്തിപ്പുഴ, കോടതിപ്പടി, ചന്തപ്പടി, ബസ് സ്റ്റാൻഡ് പരിസരം, പള്ളിപ്പടി കഐസ് ഇബി ഓഫീസ് പരിസരം, ആൽത്തറ എന്നിവിടങ്ങളിലെല്ലാം കുടിവെള്ളം ചോരുന്നുണ്ട്. ടാറിംഗ് പൂർത്തിയാക്കിയ റോഡിൽ വെള്ളം ചോരുന്നത് പാതയുടെ ബലക്ഷയത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
അവസാനഘട്ട ടാറിംഗ് പ്രവർത്തികൾ പൂർത്തിയാക്കാനുണ്ടെങ്കിലും തുടർച്ചയായുള്ള വെള്ളത്തിന്റെ ചോർച്ച നവീകരണത്തിന് ശേഷവും പാതയുടെ തകർച്ചയ്ക്ക് കാരണമാകാം. ഇതിന് ഉദാഹരണമെന്നോണ് പണി പൂർത്തിയാക്കിയ ആൽത്തറ കയറ്റത്തിൽ 12ന് രാത്രിയിൽ റോഡ് ഇടിഞ്ഞിറങ്ങി ഗർത്തം രൂപപ്പെട്ടത്. റോഡ് നവീകരണത്തിന്റെ ആരംഭഘട്ടം മുതൽ തന്നെ വാട്ടർ അതോറിറ്റിയുടെ സാങ്കേതികത്വങ്ങൾ പ്രവൃത്തികൾക്ക് തടസമായിരുന്നു. കാലതാമസം ഒഴിവാക്കാൻ ഉൗരാളുങ്കൽ സൊസൈറ്റി നഗരത്തിലെ മൂന്നരകിലോ മീറ്റർ ദൂരം പുതിയ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചു.
റോഡിന്റെ ഒരു ഭാഗത്ത് മാത്രമാണ് ഇപ്പോൾ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. മറുഭാഗത്ത് സിപിഎം ഓഫീസ് മുതൽ ആശുപത്രിപ്പടിവരെ 1500 മീറ്റർ കണക്ഷൻ പൈപ്പുകൾ സ്ഥാപിക്കാനുണ്ട്. ഇതിനായി റോഡിന് വശം ഇനിയും കീറി മുറിക്കും. ജലഅതോറിറ്റിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ കാത്തിരിക്കാതെ ഉൗരാലുങ്കൽ സൊസൈറ്റി അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയാക്കിയാൽ തുടർന്ന് വാട്ടർ അതോറിറ്റി നടത്തിയേക്കാവുന്ന പ്രവൃത്തികൾ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകും.
നടമാളിക റോഡും ബൈപാസ് റോഡും നവീകരിച്ചശേഷം കുത്തിപ്പൊളിച്ച മണ്ണാർക്കാട്ടെ ജലഅതോറിറ്റി ഇതിനും മുതിരില്ലെന്ന് കരുതാനാവില്ല. റോഡ് നവീകരണത്തിന്റെ തുടക്കംമുതലേ ജല അതോറിറ്റിയും കരാറുകാരും തമ്മിലുള്ള അഭിപ്രായഭിന്നത പ്രകടമായിരുന്നു. കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ച ഉൗരാലുങ്കലിന്റെ പ്രവൃത്തിയും പുതിയ കണക്ഷൻ പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതിയും ഉൾപ്പെടുത്തി സമർപ്പിച്ച എസ്റ്റിമേറ്റ് തത്വത്തിൽ അംഗീകരിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്.