മണ്ണാർക്കാട്: മണ്ണാർക്കാട് സ്വകാര്യ ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡ് സംബന്ധിച്ച വിഷയത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നല്കി. മണ്ണാർക്കാട് നഗരസഭാ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് ഉത്തരവ് വന്നിരിക്കുന്നത്. മണ്ണാർക്കാട് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നല്കിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം പുറപ്പെടുവിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റാൻഡിലെ പ്രശ്നങ്ങൾ വിലയിരുത്തി ഓട്ടോറിക്ഷ സ്റ്റാൻഡിന്റെ പ്രശ്നം തീർക്കണമെന്നും പറയുന്നു. ഇക്കാര്യത്തിൽ നഗരസഭാ സെക്രട്ടറി അടിയന്തരമായി തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. പാലക്കാട് ജില്ലാ കളക്ടർ, നഗരസഭാ സെക്രട്ടറി എന്നിവരെ കക്ഷി യായാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കോടതിയെ സമീപിച്ചത്. കേരളത്തിൽ മറ്റെവിടെയും ബസ് സ്റ്റാൻഡിനകത്ത് ഓട്ടോസ്റ്റാൻഡുകൾ ഇല്ല.
ഓട്ടോസ്റ്റാൻഡിൽനിന്നും ഓട്ടോറിക്ഷകൾ ബസുകൾക്ക് അപകടഭീഷണിയുണ്ടാക്കുന്നതായും ഹർജിയിൽ പറയുന്നു.മണ്ണാർക്കാട് സ്റ്റാൻഡിൽ ബസുകൾ ഓട്ടോറിക്ഷയിൽ ഇടിച്ചുള്ള അപകടമുണ്ടാക്കിയ സംഭവങ്ങൾ പതിവായിരുന്നു.
അമിതവേഗത്തിലുള്ള ബസുകളുടെയും ഓട്ടോറിക്ഷയും ഓട്ടമാണ് അപകടകാരണമാകുന്നത്. മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽനിന്നും നിന്നും ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്നാവശ്യപ്പെട്ട് ഏതാനും മാസംമുന്‍പാണ് ഇവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.