മണ്ണാർക്കാട്:ദേശീയപാതയിൽ തച്ചന്പാറ പഞ്ചായത്തിലെ റോഡിലെ കുഴികൾ നിവർത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ പൊതുജനങ്ങൾ തയ്യാറെടുക്കുന്നു. ഇടക്കുറുശ്ശി മുതൽ ചിറക്കൽപ്പടി വരെയുള്ള ഭാഗം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പല ഭാഗങ്ങളിലും റോഡ് പൊളിഞ്ഞു പോയിരിക്കുന്നു.
ഇറക്കങ്ങളിലും വളവുകളിലുമുള്ള കുഴികളിൽപ്പെട്ടു ഇരുചക്രവാഹനങ്ങൾ മറിഞ്ഞു വീഴുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ ഭാഗത്തെ കുഴികളിൽ വീണ് ആറ് ഇരുചക്രവാഹന യാത്രക്കാർക്കാണ് പരിക്കേറ്റത്. വലിയ വാഹനങ്ങൾ കുഴികളിൽ ചാടി കേടുപാടുകൾ വന്നു റോഡിൽ നിൽക്കുന്നതും പതിവാണ്.
ഒരാഴ്ചക്കുള്ളിൽ തച്ചന്പാറ പഞ്ചായത്തിലെ ഭീമമായ കുഴികൾ അടച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി റോഡ് പണി കരാറെടുത്ത ഉൗരാളുങ്കൽ സൊസൈറ്റി യുടെ വാഹനങ്ങളെ വഴിയിൽ തടയുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ തച്ചന്പാറ വികസന വേദി യോഗം തീരുമാനിച്ചു.
ഉബൈദുള്ള എടായ്ക്കൽ അധ്യക്ഷതവഹിച്ചു. പി മാത്യു വർഗീസ്, സ്വാദിഖ് തച്ചന്പാറ, കെപി ജയമോഹൻ, നവാസ് തച്ചന്പാറ, ജിജിമോൻ ചാക്കോ, പി. ബഷീർ, ആഷിക് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.