ജോസി ജോസഫ്
ചെന്നൈയിൽനിന്ന് തേനി ഹൈവേ വഴി തെക്കോട്ടു പോയാൽ മന്നാർഗുഡിയിലെത്താം. തമിഴ്നാടിന്റെ തലസ്ഥാന നഗരത്തിൽനിന്ന് 320 കിലോമീറ്റർ ദൂരത്താണ് ഈ ചെറു പട്ടണമെങ്കിലും ചെന്നൈയിലെ ഓരോ അനക്കവും അപ്പോൾതന്നെ ഇവിടത്തുകാർ അറിയും. കാരണം പതിറ്റാണ്ടുകൾ തമിഴകത്തിന്റെ ഭരണചക്രം പിൻസീറ്റിലിരുന്ന് തിരിച്ച ശശികല നടരാജന്റെ ജന്മദേശമാണിത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴിയിൽനിന്ന് എഡിഎംകെ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദം വരെ എത്തിയ അവരുടെ വളർച്ച അതിവേഗമായിരുന്നു. ഇതിനെല്ലാം ചുക്കാൻപിടിച്ചത് മന്നാർഗുഡി മാഫിയ എന്ന പേരിൽ കുപ്രസിദ്ധി നേടിയ ശശികലയുടെ ബന്ധുക്കളും സ്വന്തക്കാരും അടങ്ങുന്ന ഒരു കൂട്ടമായിരുന്നു എന്ന കേൾക്കാത്തവർ കുറയും.
ഇത് വെറും ആരോപണം മാത്രമാണെന്ന് നിഷേധക്കുറിപ്പുകൾ ഇറങ്ങിയിട്ടില്ലെങ്കിലും ശശികലയുടേയും കുടുംബക്കാരുടേയും ഉന്നത ഇടപെടലുകൾ സംബന്ധിച്ച് തെളിവുകൾ പരസ്യമാണ്. ബിജെപി എംപിയും മുന്പ് ജനതാദൾ നേതാവുമായിരുന്നു ഡോ. സുബ്രഹ്മണ്യൻ സ്വാമിതന്നെ ഇവരുടെ ഈ അവിഹിത ഇടപെടലുകൾക്കെതിരേ രംഗത്തുവന്നിരുന്നു. 2001 ൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജയലളിത മന്നാർഗുഡി മാഫിയയെ നിലയിക്കുനിർത്തണം എന്ന് സ്വാമി ആവശ്യപ്പെട്ടത്.
അല്ലെങ്കിൽ അത് ജയലളിതയുടെ രാഷ്ട്രീയ അന്ത്യത്തിനു തന്നെ കാരണമാകുമെന്നു ഡോ. സ്വാമി മുന്നറിയിപ്പു നൽകിയിരുന്നു. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തുകാര്യം എന്നുചോദിക്കുന്നതുപോലെയാണ് ഇങ്ങകലെ കിടക്കുന്ന മന്നാർഗുഡിക്കാർക്ക് അങ്ങ് ചെന്നൈയിലെ പോയസ് ഗാർഡനിലെ ഭരണത്തിൽ എന്തുകാര്യം എന്ന് ചോദിക്കുന്നത്. അത് അറിയണമെങ്കിൽ ശശികല പോയസ്ഗാർഡനിലെ കാര്യക്കാരി ആയ വഴി അറിയണം.
തിരുവാവൂർ ജില്ലയിലെ മന്നാർഗുഡിയിൽ കൃഷിക്കാരായ വിവേകാനന്ദ- കൃഷ്ണവേണി ദന്പതികളുടെ മകളായിട്ടായിരുന്നു ശശികലയുടെ ജനനം. നാല് സഹോദരങ്ങൾക്ക് രണ്ട് സഹോദരിമാർ. സ്കൂൾ പഠനം എന്തുകൊണ്ടോ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഇവർ കഥയിലേക്കെത്തുന്നത് വിവാഹത്തോടെയാണ്. ഭർത്താവ് നടരാജൻ. സർക്കാർ സർവീസിൽ താത്കാലികമായി പിആർഒയുടെ ജോലിയായിരുന്നു. കടലൂർ കളക്ടറോടൊപ്പമായിരുന്നു അക്കാലത്ത് നടരാജൻ ജോലിചെയ്തിരുന്നത്. നടരാജന്റെ അപേക്ഷപ്രകാരം കളക്ടർ വിഎസ് ചന്ദ്രശേഖരാണ് തന്റെ സുഹൃത്തുകൂടിയായിരുന്ന മുഖ്യമന്ത്രി എംജിആറിന് ശശികലയെ പരിചയപ്പെടുത്തുന്നത്.
അന്ന് എഡിഎംകെയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരുന്നു ജയലളിത. അവർക്കുവേണ്ടി പാർട്ടി പരിപാടികൾ ചിത്രീകരിക്കലായിരുന്നു ശശികലയുടെ ആദ്യജോലി.സിനിമാക്കന്പക്കാരിയായിരുന്ന ശശികലയ്ക്ക് അന്ന് കാസറ്റ് വാടകയ്ക്കുകൊടുക്കുന്ന ബിസിനസും ഉണ്ടായിരുന്നു. ജയലളിതയുമായി 1980കളിൽ ആരംഭിച്ച ആ ബന്ധം 1991ൽ ജയലളിത മുഖ്യമന്ത്രിയായപ്പോഴേക്കും വളരെ ദൃഢമായിരുന്നു. അതിനു മുന്പ് 1989 ൽ ശശികല കുടുംബ സമേതം പോയസ്ഗാർഡനിലേക്ക് താമസം മാറ്റിയിരുന്നു.
പോയസ്ഗാർഡനിലെ കാര്യങ്ങൾ നോക്കാൻ തന്റെ സ്വദേശമായ മന്നാർഗുഡിയിൽനിന്നു 40 ജോലിക്കാരുമായാണ് അവർ “ഗൃഹപ്രവേശം’ നടത്തിയത്. അതുകൊണ്ടുതന്നെ ജയലളിതയുടെ ബംഗ്ലാവിലെ കാര്യങ്ങൾ എല്ലാം ശശികലയുടെ നിയന്ത്രണത്തിലാകാൻ അധികകാലം വേണ്ടിവന്നില്ല. മന്നാർഗുഡിയിൽനിന്ന് എത്തിയവരിൽ ചിലർ പിന്നീട് പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചു
. ചിലർ നിർണായക സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. അങ്ങനെ മുഖ്യമന്ത്രിയിലും പാർട്ടിയിലും സർക്കാരിലും തന്റെ സ്ഥാനം ഉറപ്പിച്ച ശശികല അധികാരകേന്ദ്രമായി മാറുകയായിരുന്നു. തന്റെ അതീവ വിശ്വസ്ഥ എന്ന് തോന്നിയതിനാൽ പല അതിപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് തനിക്കുപകരം ശശികലയെ ജയലളിത നിയമിക്കുന്നതുവരെ കാര്യങ്ങൾ എത്തി. ഏറ്റവും അവസാനമായി കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കുന്നതിൽ ശശികല നിർണായക പങ്കുവഹിച്ചു. പാർട്ടിയിലെ ഈ പിടിത്തം ശശികലയെ വെറും തോഴി സ്ഥാനത്തുനിന്ന് ചിന്നമ്മയിലേക്ക് ഉയരുന്നതിന് സഹായിച്ചു.
ശശികലയുടെ സമാന്തരഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിച്ചുകൊണ്ടിരുന്നു. ശശികലയേയും ബന്ധുക്കളേയും അവർ ‘മന്നാർഗുഡി മാഫിയ’എന്നു വിശേഷിപ്പിച്ചുതുടങ്ങി. ഏതുവിധേയനേയും പണം ഉണ്ടാക്കുകമാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ആരോപണം ഉയർന്നു. അങ്ങനെയിരിക്കെ ഈ ആരോപണങ്ങൾ എല്ലാം സത്യമാണെന്നു തെളിയിച്ചുകൊണ്ട് ജയലളിതയും ശശികലയും ബന്ധുക്കളിൽ ചിലരും അനധികൃത സ്വത്ത് സന്പാദനക്കേസിൽ പ്രതികളുമായി.
ഏതായാലും. 2011 ൽ ശശികല, ഭർത്താവ് നടരാജൻ എന്നിവർ അടക്കം 12 പേരെ ജയലളിത പാർട്ടിയിൽന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനായിരുന്നു ഈ നടപടി. അവരെ മൂന്നുമാസംകഴിഞ്ഞ് തിരിച്ചെടുക്കുന്ന സമയത്തൊഴിച്ച് ശശികല ജയലളിതയുടെ വിശ്വസ്തയായി പോയസ് ഗാർഡനിൽ പ്രവർത്തിച്ചു. അങ്ങനെ ശശികല അധികാര കേന്ദ്രമായി വളർന്നു വേരുറപ്പിച്ച സമയത്തായിരുന്നു ജയലളിതയുടെ അപ്രതീക്ഷിത മരണം.
ഈ മരണത്തിനു പിന്നിലും മന്നാർഗുഡി മാഫിയയുടെ കറുത്ത കൈകൾ പ്രവർത്തിച്ചു എന്ന് ആരോപണം ഉയരാൻ അധികം സമയം വേണ്ടിവന്നില്ല. എന്നാൽ ശശികല കുലുങ്ങിയില്ല. അധികം വൈകാതെ അവർ പാർട്ടി ജനറൽ സെക്രട്ടറിയുമായി. ഇതിനു ചുക്കാൻ പിടിച്ചതും തുടർന്ന് മുഖ്യമന്ത്രി പന്നീർശെൽവത്തെ രാജിവയ്പ്പിച്ച് മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതിനു പിന്നിലും മന്നാർഗുഡി മാഫിയ ആണെന്ന് വീണ്ടും ശക്തമയാ ആരോപണം നേരിടേണ്ടിവന്നു. ഇത്രമാത്രം ശക്തമാമോ മന്നാർഗുഡി മാഫിയ എന്ന് സാധാരണക്കാരായ തമിഴർ ചിന്തിച്ചുതുടങ്ങിയത് അപ്പോഴാണ്. ശരിക്കും ഇവർ മാഫിയ തന്നെയോ?
അതേക്കുറിച്ച് നാളെ.