മണ്ണാർക്കാട്: മണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഇത്തവണയും ശബരിമലയ്ക്ക് സർവീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. നൂറുകണക്കിനു ഭക്തജനങ്ങൾ ഇതുമൂലം ദുരിതത്തിലാകും. ഡിപ്പോയുടെ തുടക്കംമുതൽ തുടർച്ചയായി അഞ്ചുവർഷം ശബരിമല സീസണിൽ ഈ പ്രത്യേക സർവീസ് നടത്തിവന്നിരുന്നു.
എന്നാൽ മൂന്നുവർഷമായി മണ്ണാർക്കാട് ഡിപ്പോയിൽനിന്നും സർവീസ് നടക്കുന്നില്ല. സ്ഥലം എംഎൽഎയുടെ പ്രത്യേക താത്പര്യത്തെ തുടർന്നായിരുന്നു സർവീസ്. എംഎൽഎയുടെ കഴിവുകേടാണെന്ന് ഇപ്പോൾ സർവീസ് നടക്കാത്തതിനു കാരണമെന്ന ആക്ഷേപവും ശക്തമാണ്. മുൻവർഷങ്ങളിൽ മണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഒരു ബസ് എരുമേലിയിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നു. പിന്നീട് മണ്ണാർക്കാട്ടുനിന്നും ഒന്നിടവിട്ട ദിവസങ്ങളിലായി. ഇപ്പോഴിത് പൂർണമായും ഇല്ലാതായി.
വൃശ്ചികം ഒന്നുമുതൽ മകരവിളക്ക് വരെയായിരുന്നു സർവീസ് നടത്തിയിരുന്നത്. നിലവിൽ പാലക്കാടുനിന്നു മാത്രമേ ശബരിമലയിലേക്ക് കഐസ്ആർടിസി ബസ് സർവീസുള്ളു. ശബരിമല സീസണ് കണക്കിലെടുത്ത് മണ്ണാർക്കാട് ഡിപ്പോയിൽനിന്നും അഞ്ചുബസുകളാണ് പന്പ ഡിപ്പോയിലേക്ക് പോയിരിക്കുന്ന്.
മൂന്നു ലോഫ്ളോർ ബസുകളും രണ്ടുഫാസ്റ്റ് പാസഞ്ചർ ബസുകളുമാണത്. ഈ സാഹചര്യത്തിൽ എത്രയുംവേഗം പന്പയിലേക്കോ എരുമേലിയിലോക്കോ ശബരിമല സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. നിരവധി അയ്യപ്പഭക്തരാണ് മുൻകാലങ്ങളിൽ ഈ ബസിനെ ആശ്രയിച്ച് ശബരിമലയ്ക്ക് പോയി വന്നിരുന്നത്.