മണ്ണാർക്കാട്: ഉദ്ഘാടനം നടത്തി നാളുകളേറെയായിട്ടും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തം. അത്യാവശ്യം വേണ്ട സജ്ജീകരണങ്ങളും ഉപകരണങ്ങളും ഒരുക്കാതെ തിരിക്കിട്ടു ഉദ്ഘാടനം നടത്തിയതിനെതിരേയാണ് പ്രതിഷേധം.
നിലവിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് നോക്കുകുത്തിയായി നിലകൊള്ളുകയാണെന്ന് നഗരസഭ ചെയർപേഴ്സണ് എം.കെ.സുബൈദ പറഞ്ഞു. ഫെബ്രുവരി 28-ന് ഉദ്ഘാടനം നടത്തിയെങ്കിലും നിലവിൽ പൂട്ടികിടക്കുകയാണ്.
ബ്ലഡ് ബാങ്കിനുള്ള കേന്ദ്രാനുമതിയോ സാധനസാമഗ്രികളുടെ ലഭ്യതയോ ഇതുവരെയും ഉറപ്പാക്കിയിട്ടില്ല. അടിയന്തിരമായി ബ്ലഡ് ബാങ്ക് പ്രവർത്തിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 88.82 ലക്ഷം രൂപയാണ് ബ്ലഡ് ബാങ്ക് നിർമാണത്തിനായി ചെലവിട്ടത്. എംപിഫണ്ടിൽനിന്ന് 18.82 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.
ബാക്കിയുള്ള തുക കൊച്ചിൻ ഷിപ്പിയാർഡ് സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഏറെക്കാലത്തെ നാട്ടുകാരുടെ ആവശ്യത്തെത്തുടർന്നാണ് മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിക്കുന്നത്.
മണ്ണാർക്കാട് മേഖലയിലെ നിരവധിയാളുകൾക്ക് ഇതു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്.