മണ്ണാർക്കാട്: മണ്ണാർക്കാട്ടെ ഇടതുമുന്നണിയിലെ സിപിഎം-സിപിഐ സംഘടനകൾ തമ്മിലുള്ള ചേരിപ്പോര് തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിൽ ഭരണഅട്ടിമറിക്ക് സാധ്യതയേറുന്നു.കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സിപിഎം അട്ടിമറിവിജയം നേടിയതോടെയാണ് മാസങ്ങളായി പുകയുന്ന സി പി ഐ – സിപിഎം ചേരിപ്പോര് ഇപ്പോൾ കൂടുതൽ മറനീക്കിയത്.
ഇത് സംബന്ധിച്ച് സിപിഎമ്മിനെതിരെ സിപിഐ നേതൃത്വം കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. ഇതോടെ ഇടതുമുന്നണിക്ക് ആധിപത്യമുള്ള ഗ്രാമപഞ്ചായത്തുകളിൽ ഭരണഅട്ടിമറിയിലേക്ക് സിപിഐ നീങ്ങിയേക്കുമെന്നാണ് സൂചന. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ശിവദാസന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന ഇത് വ്യക്തമാക്കുന്ന തരത്തിലാണ്. നിലവിൽ കോട്ടോപ്പാടം, തെങ്കര, കാഞ്ഞിരപ്പുഴ, കരിന്പ എന്നീ പഞ്ചായത്തുകളാണ് സിപിഎം ഭരിക്കുന്നത്. ഇതിൽ തെങ്കര, കരിന്പ പഞ്ചായത്തുകളിലാണ് അട്ടിമറി സാധ്യത.
കാഞ്ഞിരപ്പുഴയിൽ അടുത്തഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം സിപിഐ യ്ക്ക് ലഭിക്കുമെന്ന ധാരണയിരിക്കെ സിപിഎമ്മിനെതിരെ നീങ്ങില്ലെന്നു പ്രതീക്ഷിക്കാം. ഇക്കാര്യത്തിൽ സി പി എമ്മിന്റെ നിലപാടനുസരിച്ചാവും മുന്നണി ബന്ധം തുടരുക. തെങ്കരയിൽ അവിശ്വാസ പ്രമേയത്തിനായി യുഡിഎഫ് തക്കം പാർത്തിരിക്കുന്ന സാഹചര്യത്തിൽ അട്ടിമറി സാധ്യത കൂടുതലാണ്. ഇതിൽ ബിജെപിയുടെ നിലപാടാണ് നിർണായകം.
സ്വതന്ത്രാംഗം സിപിഎമ്മിനൊപ്പം ഉറച്ചുനില്ക്കുന്നതിനാൽ ബിജെപി യെ കൂട്ടുപിടിച്ചു മാത്രമേ വിജയിക്കാനാകു. കരിന്പ പഞ്ചായത്തിലും ബിജെപിയുടെ നിലപാട് സിപിഐയുടെ അട്ടിമറിക്ക് നിർണായകമാവും ഒരംഗം മാത്രമുള്ള സിപിഐയ്ക്ക് യുഡിഎഫിലെ അഞ്ച് അംഗങ്ങൾക്കൊപ്പം ബിജെപിയിലെ മൂന്നംഗങ്ങൾ കൂടി ഒന്നിച്ചാലെ ലക്ഷ്യത്തിലെത്താനാകു.
തെങ്കര ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സിപിഐയിലെ പ്രസന്ന കഴിഞ്ഞദിവസം രാജിവച്ചു. ഇതോടെ സിപിഎം ഭരിക്കുന്ന തെങ്കര ഗ്രാമപഞ്ചായത്ത് ഇടതുപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമാകുന്നതിന് കാരണമാകും. പ്രസന്ന സിപിഐയുടെ നിർദേശപ്രകാരമാണ് രാജിവച്ചത്. പാർട്ടി തീരുമാനപ്രകാരം ഇവർ യുഡിഎഫിനെ സപ്പോർട്ട് ചെയ്താൽ സിപിഎമ്മിന് ഭരണം നഷ്ടമാകും.
ഇതേ അവസ്ഥ തന്നെയാണ് കരിന്പ പഞ്ചായത്തിലും. കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ് സിപിഎമ്മും സിപിഐയും തമ്മിലുള്ള സൗഹൃദബന്ധം പൂർണമായും തകരുവാൻ കാരണമായി. കുമരംപുത്തൂർ സൊസൈറ്റി പ്രശ്നം പാലക്കാട് ജില്ലയിലെ സിപിഎം- സിപിഐ തന്നെ തകർക്കുകയാണ് ചെയ്തത്. വരുംദിവസങ്ങളിൽ കൂടുതൽ രാജിയും പ്രശ്നങ്ങളും ഉണ്ടാകുമെന്നുറപ്പാണ്. ഇതിനു മുന്പും പലതവണ പ്രശ്നങ്ങൾ ഉണ്ടായിട്ടും സിപിഐ മൗനം പാലിക്കുകയാണുണ്ടായത്.