കടുത്തുരുത്തി: അധികൃതരുടെ ഒത്താശയോടെ കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും അനധികൃത മണ്ണെടുപ്പ് വ്യാപകമെന്ന് ആരോപണം. ഞീഴൂർ, മരങ്ങോലി, ശാന്തിപുരം, കാട്ടാന്പാക്ക്, കീഴൂർ, അറുനൂറ്റിമംഗലം, കാരിക്കോട്, കുന്നപ്പിള്ളി, ഒറ്റിയാൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മണ്ണെടുപ്പ് തകൃതിയായി നടക്കുകയാണ്. വീട് വയ്ക്കാനെന്ന പേരിലാണ് പലയിടത്തും ലോഡ് കണക്കിന് മണ്ണ് കടത്തുന്നത്.
പുലർച്ചെ നാല് മണിയോടെ തന്നെ പലയിടത്തും മണ്ണെടുപ്പ് ആരംഭിക്കും. തുടർന്ന് പത്തിന് മുന്പായി പണികൾ നിർത്തി, ജെസിബിയും ഹിറ്റാച്ചിയും ഉൾപെടെയുള്ള വാഹനങ്ങൾ മണ്ണെടുക്കുന്ന സ്ഥലത്ത് നിന്നും മാറ്റിയിടും. മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതി വാങ്ങാതെ തന്നെ ഞീഴൂർ മരങ്ങോലിയിൽ വീടിന്റെ തറയിലിടാനെന്ന പേരിൽ അധികൃതരുടെ മൗനാനുവാദത്തോടെ എടുത്തു മാറ്റിയത് അരയേക്കർ സ്ഥലത്തെ മണ്ണാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വീട് നിർമാണത്തിനെന്ന പേരിലെടുത്ത പെർമിറ്റുമായി കീഴൂർ-അറുനൂറ്റിമംഗലം റൂട്ടിൽ നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിക്കൊണ്ടുപോകുന്നത്. അനധികൃതമായി അമിത ലോഡ് മണ്ണു കയറ്റിപ്പോകുന്ന ടിപ്പറുകൾ തലയോലപ്പറന്പ് പോലീസ് സ്റ്റേഷന് മുന്നിലൂടെയാണ് കടന്നു പോകുന്നതെങ്കിലും പോലീസ് ഇതൊന്നും കാണുന്നില്ല.
പലപ്പോഴും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ കണ്മുന്നിലൂടെയാണ് മണ്ണും കയറ്റി പോകുന്ന ടിപ്പർ ലോറികളെങ്കിലും ഇവരുടെ കണ്ണിലും ഇതു പെടാറില്ല. വില്ലേജ്, പോലീസ് അധികാരികളുടെ മൗനാനുമതിയോടെയാണ് മണ്ണെടുപ്പു നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പുലർച്ചെ മണ്ണുമായി പായുന്ന ടിപ്പറും ടോറസുകളും കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഉയർത്തുന്ന ഭീഷണി ചെറുതല്ല.