പുതുക്കാട്: വരന്തരപ്പിള്ളി വടക്കുമുറിയിൽ വീട് നിർമാണത്തിന്റെ മറവിൽ വൻതോതിൽ കുന്നിടിച്ച് മണ്ണുകടത്തുന്നതായി പരാതി. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മണ്ണെടുപ്പ് തടഞ്ഞു. വരന്തരപ്പിള്ളി പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും ഉത്തരവിന്റെ മറവിലാണ് മണ്ണെടുപ്പ് നടക്കുന്നതെന്നാണ് പരാതി.
കെട്ടിടം പണിക്കായി ചാലുകോരിയതിന്റെ കൂട്ടിയിട്ടമണ്ണ് നീക്കം ചെയ്യുന്നതിനാണ് പഞ്ചായത്തിന്റെ എൻഒസിയും ജിയോളജി വകുപ്പിന്റെ അനുമതിയും നേടിയിട്ടുള്ളത്. എന്നാൽ ഈ അനുമതിയുടെ മറവിൽ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവിധം കുന്നിടിച്ച് മണ്ണ് കടത്തുന്നതായും ഖനനം ചെയ്തെടുത്ത മണ്ണ് തണ്ണീർത്തടം നികത്താനാണ് ഉപയോഗിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മണ്ണെടുപ്പ് നിർത്തിവെക്കാൻ നിർദേശിച്ചു. ഇതേസ്ഥലത്ത് നേരത്തെ മണ്ണെടുക്കാൻ ശ്രമം നടന്നിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചിരുന്നു. ഇതുമൂലം പുറത്തറിയാത്തവിധം കുന്നുകൾക്കിടയിലൂടെ വഴിവെട്ടിയാണ് മണ്ണെടുപ്പ് നടത്തിയിരുന്നത്.