ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ ഉളിയനാട് തേമ്പ്ര മണ്ഡപം കുന്നിൽ നാല് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. കുന്നിന് താഴെയുള്ള ദിനേശൻ, വിനോദ് ,രമണൻ, പ്രസന്നൻ എന്നിവരുടെ കുടുംബങ്ങളാണ് മഴക്കാലത്ത് മനസിൽ തീയുമായി കഴിയുന്നത് .’ഏത് സമയത്തും ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള തരത്തിൽ അപകടാവസ്ഥയിലാണ് കുന്ന്.മുൻവർഷത്തിൽ കുന്നിടിഞ്ഞതിനെ തുടർന്ന് ഇവരെ ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസം ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അപകടകരമായ നിലയില്ലള്ള കുന്ന് ഇടിച്ചു മാറ്റാൻ ഉത്തരവ് നല്കിയിരുന്നു.ജിയോളജി വകുപ്പ് ചെറിയ തോതിൽ മണ്ണ് ഇടിച്ചു മാറ്റാൻ പാസ് നൽകിയിരുന്നു. ഒരു വീടിന്റെ കുറച്ചു ഭാഗത്തു നിന്നും മണ്ണ് മാറ്റുന്നതിനാണ് പാസ് നല്കിയത്.കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കുന്നിടിഞ്ഞു വീണ് ഇവരുടെ വീടുകൾക്ക് കേട് പാട് സംഭവിച്ചിരുന്നു .
ഭിത്തികൾ തകർന്ന വീടുകളിൽ നിന്നും കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിറക്കര പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് ഇവരെ മാറ്റി പാർപ്പിക്കുകയും ചെയ്തു.തുടർന്ന് റവന്യൂ അധികൃതരും ഗ്രാമ പഞ്ചായത്തും പരിശോധന നടത്തി മണ്ണ് നീക്കം ചെയ്യണമെന്ന് റിപ്പോർട്ട് നല്കി.തുടർന്നാണ് കളക്ടർ ഇടപെട്ട് എത്രയും പെട്ടെന്ന് മണ്ണ് നീക്കം ചെയ്യാൻ ഉത്തരവിട്ടത്.ആദ്യം ജിയോളജികുറച്ച് മണ്ണ് നീക്കം ചെയ്യാൻ അനുമതി നല്കിയെങ്കിലും പിന്നീട് അനുമതി നല്കിയില്ല.
മഴ ശക്തമായതോടെ മണ്ണിടിഞ്ഞ് തുടങ്ങി. മൺകൂനനീക്കം ചെയ്ത് ഈ കുടുംബങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സേഫ് കൊല്ലം പ്രവർത്തനായ കെ.പി.ഹരികൃഷ്ണൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാൻ ജില്ലാ കളക്ടർ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് ഉത്തരവ് നല്കി