പത്തനാപുരം : കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കനാലുകളിലേക്ക് ഇടിഞ്ഞിറങ്ങിയ മണ്ണ് നീക്കംചെയ്യാൻ നടപടിയി യായില്ല. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് പുന്നല ചാച്ചിപ്പുന്ന തച്ചക്കോട് ഭാഗത്തെ കനാലിന്റെ വശത്തെ കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞിറങ്ങിയത്.ഏകദേശം അന്‍പതടി ഉയരത്തില്‍ മണ്‍തിട്ട ഇടിഞ്ഞ് പൂര്‍ണ്ണമായും കനാലിലേക്ക് പതിക്കുകയായിരുന്നു.ഇതോടെ നീരൊഴുക്കും തടസപ്പെട്ടു.
തെന്മല ലൂക്ക് ഔട്ടില്‍ നിന്നും ആരംഭിക്കുന്ന കനാലുകള്‍ പത്തനാപുരം, പുന്നല,വാഴപ്പാറ വഴി പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. മണ്ണിടിഞ്ഞിറങ്ങിയതോടെ കനാലിന്റെ ഒരു ഭാഗത്ത് മാത്രമായി വെള്ളം കെട്ടി നില്‍ക്കുകയാണ്.മഴ മാറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്യാന്‍ കെ.ഐ.പി അധികൃതര്‍ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
പൂങ്കളഞ്ഞി ചാച്ചിപ്പുന്ന റോഡ് കടന്നുപോകുന്നതിന്റെ ഭാഗമായി കനാലില്‍ വലിയ തുരങ്കം നിര്‍മ്മിച്ചിട്ടുണ്ട്.ഇത് തുറക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞിറങ്ങിയത്. ഇതിനാല്‍ തന്നെ ആളുകള്‍ക്ക് ഇവിടെ ഇറങ്ങി മണ്ണ് നീക്കം ചെയ്യാനും കഴിയില്ല. എല്ലാ വര്‍ഷവും വേനല്‍ കാലത്താണ് കനാലുകള്‍ നവീകരിക്കുന്നത്.
ജലക്ഷാമം അനുഭവപ്പെടുന്ന സമയങ്ങളില്‍ കനാലിലെ ജലമാണ് കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത്. കനാലിലെ മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്നാവശ്യം ശക്തമാണ്.