കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ചൊവ്വാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിൽ കേരളത്തിൽനിന്നുള്ള ലോറിയും മലയാളിയായ ഡ്രൈവറെയും കാണാതായി. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ (32)ക്കുറിച്ചാണ് വിവരം ലഭിക്കാത്തത്. അർജുന്റെ മൊബൈൽ ഫോണിലേക്കു ഭാര്യ വിളിച്ചപ്പോൾ ആദ്യം റിംഗ് ചെയ്തിരുന്നു.
ഇപ്പോൾ ഫോണ് സ്വിച്ച്ഡ് ഓഫ് ആണ്. അർജുന് എന്തുപറ്റിയെന്നറിയാതെ ആശങ്കയിലാണു ഭാര്യയും മറ്റു കുടുംബാംഗങ്ങളും. 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. കേരളത്തിലേക്കു ലോഡുമായി വരികയായിരുന്ന അർജുനുമായി 15-ാം തീയതിവരെ ഭാര്യ കൃഷ്ണപ്രിയ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെ ഫോണ് റിംഗ് ചെയ്തിരുന്നു.
പിന്നീട് സ്വിച്ച്ഡ് ഓഫായി. അതിനിടെ ഇന്നു രാവിലെ അർജുന്റെ രണ്ടാമത്തെ ഫോണ് റിംഗ് ചെയ്തു. പക്ഷെ ആരും എടുത്തില്ല. ലോറിയുടെ സ്ഥാനം ജിപിഎസ് സംവിധാനം വഴി പരിശോധിക്കുന്പോൾ മണ്ണിടിഞ്ഞ സ്ഥലത്താണെന്നാണ് കാണിക്കുന്നത്.
അർജുന്റെ സഹോദരൻ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കർണാടകയിലെ അങ്കോള താലൂക്കിലെ ഷിരൂർ ഗ്രാമത്തിന് സമീപമാണ് വൻ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ നാലുപേർ മരണമടയുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തുവെന്നാണ് കർണാടക പോലീസ് നൽകുന്ന വിവരം.
ഒരു വൻ മല ഇടിഞ്ഞുവീഴുകയായിരുന്നു. കർണാടകയിലെ രാംനഗറിൽ നിന്നു ലോഡുമായി തിങ്കളാഴ്ചയാണ് അർജുൻ പുറപ്പെട്ടത്. കോഴിക്കോട് കല്ലായിയിലേക്കുള്ള ലോഡായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.