ചിങ്ങവനം: ഇടിഞ്ഞു വീണ മതില് കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില് മണ്ണിനടിയില് കുടുങ്ങിയ അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. കോല്ക്കത്ത സ്വദേശി സുശാന്താണ്(24) മണ്ണിനടിയില് കുടുങ്ങിയത്.
മറിയപ്പള്ളി പൊന്കുന്നത്ത് കാവിനുസമീപം കാവനാല്ക്കടവില് ജിഷോര് കെ. ഗോപാലിന്റെ പുരയിടത്തിലെ മതില് നിര്മാണത്തിനിടെയാണ് അപകടം. സുശാന്തും മറ്റു മൂന്നു പേരുമാണ് നിര്മാണ പ്രവര്ത്തനത്തിലേർപ്പെട്ടിരുന്നത്.
ഇന്നലെ രാവിലെ 9.15നായിരുന്നു അപകടം. രണ്ടാഴ്ച മുന്പ് കനത്ത മഴയില് ഇടിഞ്ഞു പോയ 15 അടി പൊക്കമുള്ള മതില് വീണ്ടും നിര്മിക്കുന്നതിനായി വാനം എടുക്കുന്നതിനിടെയാണ് അപകടം നടന്നത്.
സുശാന്ത് വെട്ടിയ വാനം വൃത്തിയാക്കുന്നതിനിടെ മുകളില്നിന്നു മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതു ശ്രദ്ധയില്പെട്ട മറ്റു തൊഴിലാളികള് ഓടി മാറി. സുശാന്തിന്റെ അരപ്പൊക്കം മുകളിലേക്കാണ് ആദ്യം മണ്ണിടിഞ്ഞു വീണത്.
സുശാന്ത് മണ്ണ് മാറ്റി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും സിമന്റ് ചട്ടി കാലില് ഉടക്കിയതിനാൽ കാലുയര്ത്താന് സാധിക്കാതെ വന്നു. ഇതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി രക്ഷാ പ്രവര്ത്തനം നടത്തുന്നതിനിടയില് വീണ്ടും മണ്ണിടിഞ്ഞു വീണു.
കഴുത്തറ്റം മണ്ണു മൂടിയ യുവാവിനെ രക്ഷിക്കാന് കഴിയാതെ വന്നതോടെ ചിങ്ങവനം പൊലീസിലും കോട്ടയം അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. ജെസിബി ഉപയോഗിച്ച് രക്ഷാ പ്രവര്ത്തനം നടത്തുന്നതിനിടെ മൂന്നാമതും മണ്ണിടിഞ്ഞു വീണു.
ഇതിനിടെ തലയിൽ മണ്ണുവന്നുമൂടി. പെട്ടെന്നുതന്നെ മുഖത്തെ മണ്ണ് നീക്കം ചെയ്തതിനാലാണ് ജീവന് തിരിച്ചു കിട്ടിയത്. അപക വിവരമറിഞ്ഞ് സുശാന്തിന്റെ സുഹൃത്തിക്കൾ സ്ഥലത്തേക്ക് ഓടിയെത്തി. പ്രാർഥനയും ആശ്വാസ വാക്കുകളുമായി അവകർ ഒപ്പം നിന്നു.
സ്റ്റേഷന് ഓഫീസര് അനൂപിന്റെ നിര്ദേശമനുസരിച്ച് സുശാന്തിന്റെ തല ഭാഗം മാത്രം വരെയുള്ള മണ്ണ് വകഞ്ഞുമാറ്റി ശ്വാസമെടുക്കാന് കഴിയുന്ന വിധത്തിലാക്കി.
സുശാന്ത് നില്ക്കുന്ന ഭാഗത്തേക്ക് വീണ്ടും മണ്ണ് ഇടിയാതിരിക്കാന് നാട്ടുകാരുടെ സഹായത്തോടെ, മുകളില് പലകയും കമ്പിയും ഉപയോഗിച്ച് തടയിട്ടു. പിന്നീട് സുശാന്ത് നില്ക്കുന്നതിനു സമാന്തരമായി കുഴിയു ണ്ടാക്കി. ഇതോടൊപ്പം കൈ കൊണ്ട് മണ്ണ് നീക്കം ചെയ്യാനും തുടങ്ങി.
11.45 നാണ് സുശാന്തിനെ പുറത്തെത്തിച്ചത്. കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുശാന്തിന്റെ വലതുകാലിന്റെ മുട്ടിനും അസ്ഥിക്കും പരിക്കുണ്ട്.
ചിങ്ങവനം എസ്എച്ച്ഒ ടി.ആര്. ടിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെയും അഗ്നി രക്ഷാസേന സ്റ്റേഷന് ഓഫീസര് അനൂപ് രവീന്ദ്രന്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് വി. സാബു, ഗ്രേഡ് ഓഫീസര് കെ.ടി. സലി എന്നിവരുമാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.