നെല്ലിയാന്പതി: പോത്തുണ്ടികൈകാട്ടി ചുരം പാതയിൽ ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും മഴപെയ്താൽ ഇനിയും യാത്ര മുടങ്ങും. കുണ്ടറച്ചോല മുതൽ ചെറുനെല്ലിയുടെ മുകൾ ഭാഗം വരെ 19 ഭാഗങ്ങളിലാണ് വലിയതോതിൽ മണ്ണ് പാതയിരികിലേക്ക് മാറ്റിയിട്ടിട്ടുള്ളത്. ഇത് ശക്തമായ മഴ പെയ്താൽ വീണ്ടും പാതയിലേക്കെത്തും.
നെല്ലിയാന്പതി പാതയിൽ ഉരുൾപൊട്ടിയും, മണ്ണിടിഞ്ഞും മരങ്ങൾ വീണും നിരവധി ഭാഗത്താണ് ഒരാഴ്ച്ച ഗതാഗതം തടസ്സപ്പെട്ടത്. ഉരുൾപൊട്ടലിൽ കുണ്ടറച്ചോല പാലം ഒലിച്ചുപോയിരുന്നു. ഇതോടെ മുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ കുണ്ടറച്ചോലയുടെ മുകൾഭാഗത്തുള്ള തടസ്സങ്ങൾ നീക്കാൻ ജെസിബികളും ഉപയോഗിച്ചാണ് മണ്ണ് നീക്കി കൊണ്ടിരിയ്ക്കുന്നത്.
ഇത്തരത്തിൽ നീക്കിയ മണ്ണ് പാതയുടെ ഇരുവശങ്ങളിലേക്കുമായി കൂട്ടിയിട്ടിരിയ്ക്കുന്നത്. ഇത് ചില ഭാഗങ്ങളിൽ പത്തടിയോളം ഉയരത്തിലാണ് മണ്ണ് നീക്കി ചെറുവാഹനം കടന്നുപോകുന്ന രീതിയിൽ കൂട്ടിയിട്ടിട്ടുള്ളത്. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ വാഹനം കയറിയിറങ്ങിയും പാതയിലേക്ക് മണ്ണ് ഇടിഞ്ഞു വീണു തുടങ്ങി.
മുകളിലെ പാറക്കെട്ടുകളിൽ നിന്നുള്ള നീരൊഴുക്ക് ഇപ്പോഴും തുടരുന്നതിനാൽ മണ്ണ് ഇപ്പോഴും പാതയിലേക്ക് ഒലിച്ചിറങ്ങിവരുന്നുണ്ട്. വീണ്ടും മഴ പെയ്താൽ വെളളം കുത്തിയൊലിച്ച് എത്തി മണ്ണ് വീണ്ടും പാതയിൽ വീണ് ഗതാഗതം മുടങ്ങുന്ന സ്ഥിതിയാണ്. പാതയിൽ വീണുകിടക്കുന്ന കൂറ്റൻ പാറക്കല്ലുകൾ ജെ.സി.ബികൾ ചേർന്നുകൊണ്ടു റോസിനു വശങ്ങളിലേയ്ക്കായി നീക്കം ചെയ്യുന്നുണ്ട്.
ഉരുൾപൊട്ടിയ ഭാഗങ്ങളിൽ കനത്ത മഴ പെയ്താൽ വീണ്ടും അപകടമുണ്ടാകും. ഉരുൾപൊട്ടി തകർന്നുപോയ കുണ്ടറച്ചോല പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കാൻ പ്രാരംഭ പരിശോധന നടത്തി. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറും, ഡിസൈൻ എഞ്ചിനീയറും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശത്തിന് യോജിച്ച പാലം നിർമ്മിക്കാനുള്ള നടപടികൾ ഉൗർജ്ജിതമാക്കും.