കോന്നി: ഇന്നലെ മലയിടിച്ചിൽ ഉണ്ടായ കോന്നി പൊന്തനാംകുഴി കോളനിയിൽ ജിയോളജി വിഭാഗം ടീം ഉടൻ പരിശോധന നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.കോളനിയില്‍ അപകട ഭീഷണി നേരിട്ട 11 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായും കളക്ടർ പറഞ്ഞു. കോന്നി വിശ്വഭാരതി ട്യൂഷന് സെന്ററിലേക്കാണ് ഇവരെ താമസിപ്പിച്ചത്. 11 കുടുംബങ്ങളിലായി 33 പേരെയാണ് മാറ്റി താമസിപ്പിച്ചത്.
കോളനിയുടെ ഏറ്റവും മുകളിലായി അപകട സാധ്യതയില്‍ വലിയ പാറക്കല്ലുകള്‍ നില്‍പ്പുണ്ട് . അവ എന്തു ചെയ്യണമെന്ന് പരിശോധിക്കും. ഭാവിയില്‍ സ്ഥലം ഉരുള്‍പൊട്ടല്‍ മേഖലയാണോയെന്നതാണ് ജിയോളജി വിഭാഗം പരിശോധിക്കും. സാധ്യത തെളിഞ്ഞാല്‍ അത് ഗവണ്മെന്റിനെ എത്രയും വേഗത്തിലറിയിച്ച് പ്രശ്ന പരിഹാരം കാണുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കോന്നി ആനക്കൂട്ടിനു സമീപം പൊന്തനാംകുഴി കോളനി മുരിപ്പിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് വലിയ ശബ്ദത്തോടു കൂടി മല ചരിവ് ഇടിഞ്ഞ് താഴ്ന്നത്. വലിയ ശബ്ദത്തേ തുടർന്ന് സമീപവാസികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.കോന്നിയിൽ ഇന്നലെ രാവിലെ എട്ടുവരെയുള്ള കണക്കിൽ 11 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്.
കോളനിയിൽ പരേതനായ ദാമോധരന്റെ ഉടമസ്ഥതയിലുള്ള ഭൂഭാഗമാണ് താഴേക്ക് പതിച്ചത്. ദാമോധരന്റെ മകൾ വിമലയുടെ വീടാണ് ഇടിഞ്ഞ ഭാഗത്തുള്ളത്. അപകട സമയത്ത് വിമലയും ടാർപാളിൻ ഉപയോഗിച്ചു നിർമിച്ച ഷെഡിൽ ഉണ്ടായിരുന്നു. ഇതിനോടു ചേർന്ന് തന്നെ ഇവരുടെ മാതാവ് പൊടിയമ്മയുടെ വാർക്ക വീടും സ്ഥിതി ചെയ്യുന്നുണ്ട്. മലഭാഗം ഇടിഞ്ഞതിൽ അടിവാരത്തിൽ മൂന്നിലധികം വീടും ഇതിനു താഴെയുള്ള റോഡിന്റെ അടിവാരത്തിലായി 15ഉം കോളനി നിവാസികളാണുള്ളത്.
അപകടം ഉണ്ടായ ഭാഗത്തെ 11 കുടും ബങ്ങളിൽ നിന്ന് 21 പേരെ സമീപ പ്രദേശത്തെ 41 -ാം നമ്പർ അങ്കണ വാടിയിലേക്ക് മാറ്റി. പിന്നീടിവരെ കോന്നി വിശ്വഭാരതി ആർട്സ് കോളജിലേക്ക് മാറ്റിപാർപ്പിച്ചു. ഇവർക്കായി ദുരിതാശ്വാസ ക്യാമ്പ് തുറക്കും. ഉപതെരഞ്ഞെടുപ്പ് കാരണം സ്കൂളുകൾ വിട്ടുനൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാന്പുകൾ തുറക്കാൻ ബുദ്ധിമുട്ടായത്. കോളനി പരിസരത്തെ മറ്റു കുടുംബങ്ങൾ കൂടി മാറണമെന്ന് ഇന്നലെ വൈകുന്നേരം പോലീസ് നോട്ടീസ് നൽകി.