വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാത റോഡിൽ മലയിൽനിന്നു മണ്ണിടിച്ചിൽ തുടരുന്നു. വഴുക്കുംപാറ ഭാഗത്താണ് മലയിടിച്ചിൽ. വാഹനഗതാഗതത്തിനു സജ്ജമായെന്നു കരാർ കന്പനി അവകാശപ്പെട്ടിരുന്ന തുരങ്കത്തിൽനിന്നുള്ള പുതിയ പാതയിലേക്കു മണ്ണും പാറകളും മരങ്ങളും വീഴുന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ മേയിലാണ് ഈ പുതിയ പാത ടാറിംഗ് നടത്തിയത്. ഇടതു തുരങ്കപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ലക്ഷ്യം വച്ചായിരുന്നു തിരക്കിട്ട പണികൾ. എന്നാൽ മലയിൽനിന്ന് അപകടകരമാംവിധം മണ്ണിടിച്ചിലിനും, വലിയ പാറകളും മരങ്ങളും താഴേക്കു പതിക്കാനും സാധ്യതയുണ്ടെന്നു ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളും മറ്റു വിദഗ്ധരും ചൂണ്ടിക്കാട്ടിയതിനെതുടർന്നു വാഹനങ്ങൾ കടത്തിവിടുന്നതു വേണ്ടെന്നുവയ്ക്കുകയായിരുന്നു.
പിന്നീട് ഓഗസ്റ്റിലുണ്ടായ അതിവർഷത്തിൽ കുതിരാൻമലയിൽ പതിനഞ്ചിടത്തു മലയിടിച്ചിലുണ്ടായി. ഇരുന്പുപാലം ഭാഗത്തു തുരങ്കമുഖവും മലയിടിഞ്ഞു മൂടി. തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലും ജലപ്രവാഹവുമുണ്ടായി. എന്നാൽ, അതിവർഷത്തിനുശേഷം കരാർ കന്പനി സാന്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് തുരങ്കപ്പാതകളുടെ ശേഷിച്ച പണികളും വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതകളുടെ പൂർത്തീകരണവും നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.