പേരാമ്പ്ര: കടന്തറ പുഴയോരത്ത് ജീവന് ഭീഷണിയുമായി മൂന്നു കുടുംബങ്ങൾ. ചെമ്പനോട പൂഴിത്തോട് റോഡിൽ കുറത്തിപ്പാറ സിക്ക് വളവിനു സമീപം താമസിക്കുന്ന കുടുംബങ്ങളാണു അപായ ഭീഷണിയിൽ കഴിയുന്നത്. കടന്തറ പുഴയോരം വൻതോതിൽ ഇടിഞ്ഞു വീഴുന്നതാണു പ്രശ്നം. ഇതിൽ മുളങ്ങാശേരി ഫിലോമിന ആന്റണിയുടെ വീടാണു ഏറ്റവും വലിയ അപകടാവസ്ഥയിലുള്ളത്.
പുഴയും വീടും തമ്മിൽ ഒരു മീറ്റർ പോലും അകലമില്ലാത്ത അവസ്ഥയിലാണ്. വീട്ടിൽ നിന്നു പുഴയിലേക്കുള്ള താഴ്ച 50 മീറ്ററെങ്കിലും വരും. ഫിലോമിനയുടെ കുടുംബത്തിനു വീടിന്റെ പിൻഭാഗത്തേക്കിറങ്ങാൻ സ്ഥലമില്ല. വീട്ടിൽ ചെറിയ കുട്ടികളുണ്ട്.
സമീപവാസികളായ റോയി കടക്കൽ, ജോമോൻ കടക്കൽ എന്നിവർ സമാന ദുരിതം പേറുന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലെ പേമാരിയിൽ മണ്ണിടിച്ചിൽ അതിരൂക്ഷമായപ്പോൾ മൂന്നു കുടുംബങ്ങളെ അയൽവീടുകളിലേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു. മണ്ണിടിച്ചിൽ വയനാട് ബദൽ പാതയുടെ ഭാഗമായ റോഡിനെയും ബാധിച്ചിട്ടുണ്ട്.
റോഡും പുഴയും തമ്മിലുള്ള അകലം കേവലം അഞ്ച് മീറ്ററിൽ താഴെയാണ്. പാതയോരത്ത് ഇവിടെ വിള്ളൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിക്കണമെന്നു വാർഡ് മെംബർ ലൈസ ജോർജ് ആവശ്യപ്പെട്ടു.