കല്ലൂർ: അനധികൃതമായി തണ്ണീർതടം മണ്ണിട്ട് നികത്തി മദ്യവിൽപ്പനശാലക്ക് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കിയതായി പരാതി. ബീവറേജിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനും വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ് സ്വകാര്യ വ്യക്തി തണ്ണീർതടം മണ്ണിട്ട് നികത്തുന്നത്.
ഇന്നലെ രാവിലെ മുതലാണ് ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ടുവന്ന് തണ്ണീർതടം നികത്തുന്നത്. മറ്റിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന കെട്ടിടാവശിഷ്ടങ്ങൾ അടങ്ങിയ മണ്ണാണ് നികത്താൻ ഉപയോഗിക്കുന്നത്.ഒരാഴ്ച മുൻപാണ് പാടം വഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ മദ്യവിൽപ്പനശാല പ്രവർത്തനം ആരംഭിച്ചത്. ബീവറേജിലേക്കുള്ള റോഡിൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം പാറപ്പൊടിയിട്ട് നികത്തിയിരുന്നു.
ഇതിനിടെയാണ് മദ്യവിൽപ്പന കേന്ദ്രത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്നതിന്റെ മറവിൽ തണ്ണീർതടം മണ്ണിട്ട് നികത്തിയത്. വില്ലേജ് രേഖകളിൽ നെൽവയലായി കിടക്കുന്ന ഭൂമി രൂപമാറ്റം നടത്താൻ ശ്രമിച്ചതിനും,തണ്ണീർ തട സംരക്ഷണ നിയമം ലംഘിച്ചതിനെതിരെയും പൊതു പ്രവർത്തകനായ മുകുന്ദൻ വില്ലേജ് ഓഫീസർക്ക് പരാതി നൽകി. ഇതേ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.
മദ്യവിൽപ്പനശാലയിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് മണ്ണിട്ട് നികത്തിയതെന്ന് സ്ഥലമുടമ വില്ലേജ് അധികൃതരെ അറിയിച്ചു. എന്നാൽ അനുമതിയില്ലാതെ തണ്ണീർതടം നികത്തിയ മണ്ണ് എടുത്ത് മാറ്റി നിലം പൂർവ്വസ്ഥിതിയിലാക്കാൻ വില്ലേജ് ഓഫീസർ സ്ഥലം ഉടമക്ക് നിർദേശം നൽകി.