മുക്കം: മുക്കം നഗരസഭയിലെ മാമ്പറ്റ പൈറ്റൂളി കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ മുക്കം -മാമ്പറ്റ ബൈപാസ് പൂർണമായും ചളിയിൽ മുങ്ങി. ഗതാഗതവും തടസപ്പെട്ടു.
വൈകിട്ട് അഞ്ചോടെ പെയ്ത കനത്ത മഴയിലാണ് സ്വകാര്യ വ്യക്തി തന്റെ സ്ഥലത്ത് കുന്നിടിച്ച് കുട്ടിയിട്ട മണ്ണ് മഴയിൽ കുത്തിയൊലിച്ചത്.മൂന്നാഴ്ച്ച മുമ്പ് മഴയിൽ മണ്ണിടിഞ്ഞ് വിള്ളൽ പ്രകടമായതോടെ പത്ത് കുടുംബങ്ങൾ ഭീഷണി നേരിട്ടിരുന്നു.
അപകടാവസ്ഥയിലായ സ്ഥലം നഗരസഭാ അധികൃതർ സന്ദർശിക്കുകയും ചെയ്തിരുന്നു .നഗരസഭയുടെ അനുമതി കൂടാതെ പ്രവൃത്തി നടത്തിയതിന് സ്ഥലം ഉടമയ്ക്കെതിരേ മുനിസിപ്പൽ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കാനും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
കളക്ടറുടെ നിർദ്ദേശപ്രകാരം ഭൂഉടമ മണ്ണിട്ട നിരത്തിയഭാഗങ്ങിൽ താത്കാലിക മതിൽ നിർമിച്ച് പ്രശ്നം പരിഹരിച്ചു. എന്നാൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ വൻതോതിൽ മണ്ണ് ഒലിച്ചു വരികയും വെള്ളം കെട്ടി നിർത്താന് നിർമിച്ച കുഴി മണ്ണ് നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയായിരുന്നു .
റോഡിൽ വൻതോതിൽ മണ്ണ് വന്നു അടിഞ്ഞു കൂടിയതോടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടായി.
നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു എന്നും വാർഡ് കൗൺസിലർ പി.ടി.ബാബു പറഞ്ഞു.മണ്ണെടുത്ത പ്രദേശത്ത് വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട് ഇത് കുന്നിന്റെ താഴ്വാരത്ത് താമസിക്കുന്ന എട്ട് വീടുകൾക്ക് ഭീഷണിയായി നിൽക്കുകയാണ്.
മണ്ണ് കൂട്ടിയിട്ട കുന്നിന്റെ ഇരുഭാഗങ്ങളിലുമായി രണ്ട് കോളനിയും സ്ഥിതി ചെയ്യുന്നുണ്ട്