പരിയാരം: റോഡ് വികസനത്തിന് വേണ്ടി എടുത്തുമാറ്റിയ മണ്ണ് എവിടെ സംഭരിക്കണമെന്നറിയാതെ ദേശീയപാത വിഭാഗം ഇരുട്ടില്‍ തപ്പുന്നു. പരിയാരം ഭാഗത്തെ അപകടപാത വളവുകള്‍ ഒഴിവാക്കി വീതി കൂട്ടുന്നതിന്റെ പ്രവത്തനങ്ങള്‍ അതിവേഗം നടന്നു വരുന്നതിനിടെയാണ് പ്രവര്‍ത്തിക്കിടെ എടുക്കുന്ന മണ്ണ് അപകട ഭീതി സൃഷ്ടിക്കുന്നത്. അലക്യംപാലത്തിനും പരിയാരം മെഡിക്കല്‍ കോളജിനും ഇടയിലുള്ള സ്ഥലത്തെ നാഗവളവുകള് നിവര്‍ത്തുന്നതിന് കള്‍വര്‍ട്ടുകള്‍ വീതികൂട്ടിയ ശേഷം ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നിവരുന്നത.് ടണ്‍ കണക്കിന് മണ്ണാണ് കഴിഞ്ഞദിവസം ഇവിടെ നിന്നും എടുത്തുമാറ്റിയത്.
ഇത്തരത്തില്‍ എടുത്തുമാറ്റുന്ന മണ്ണ് ദേശീയപാതയോരത്ത് വിളയാങ്കോട് ഭാഗത്തായി റോഡരികില്‍ തന്നെയാണ് ഇപ്പോള്‍ കൂട്ടിയിട്ടിരിക്കുന്നത.് ഇത് വലിയതോതില്‍ അപകടഭീഷണി ഉയര്‍ത്തുകയാണ്. പൊതുവെ അപകടസാധ്യതയേറിയ ഈ ഭാഗത്ത് കാല്‍നടയാത്രപോലും അസാധ്യമാക്കും വിധത്തില്‍ വലിയ പാറക്കല്ലുകള്‍ ഉള്‍പ്പെടെയാണ് മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിനെതിരേ നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍ പണി നടക്കുന്നതിന് മൂന്നു കിലോമീറ്ററിനുള്ളില്‍ ദേശീയപാതയുടെ സ്ഥലത്തുതന്നെ മണ്ണ് സംഭരിക്കുകയും പിന്നീട് പൊതുലേലം നടത്തി മാത്രം ഒഴിവാക്കുകയും ചെയ്യണമെന്നാണ് ദേശീയപാത വിഭാഗത്തിന് ലഭിച്ച നിര്‍ദ്ദേശമെന്നും ഏറ്റവും ചുരുങ്ങിയത് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ എട്ടുമാസമെങ്കിലും എടുക്കുമെന്നും അസി. എന്‍ജിനിയര്‍ എം.വി. യമുന പറഞ്ഞു. ടണ്ണിന് എഴുപതിനായിരം രൂപയില്‍ കുറയാത്ത തുകയ്ക്ക് മാത്രമേ മണ്ണ് വില്ക്കാന് പാടുള്ളൂ എന്നും നിര്‍ദേശമുണ്ടത്രേ.
എങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ശബരിമല സീസണ് ആരംഭിക്കാനിരിക്കെ പൊതുവെ സൗകര്യങ്ങള്‍ കുറഞ്ഞ ദേശീയപാതയോരത്ത് മണ്ണ് നിക്ഷേപിക്കുന്നത് അപകടകരമാണെന്ന് നാട്ടുകാര്‍ പറയുന്നു.