വെള്ളാനിക്കോട് : സിപിഎം പഞ്ചായത്ത് അംഗത്തിന്റെ സ്ഥലത്ത് നടന്നിരുന്ന അനധികൃത മണ്ണെടുപ്പ് എഐവൈഎഫ് പ്രവർത്തകർ കൊടി കുത്തി തടഞ്ഞു. എൽഎ പട്ടയ വിഭാഗത്തിൽപെട്ട ഭൂമിയിൽ നിന്ന് ഖനനം നടത്താൻ അനുമതിയില്ലെന്നിരിക്കെയാണ് ഇവിടെ മണ്ണെടുപ്പ് നടന്നിരുന്നത്.
കരിങ്കൽ ഖനനത്തിനായി നീക്കിയിട്ട മേൽമണ്ണ് ഖനനത്തിന് ശേഷം നിരത്തിയിട്ട് കൃഷി ചെയ്യാമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് മണ്ണ് ഇവിടെ നിന്ന് കടത്തുന്നതെന്ന് പൊതു പ്രവർത്തകൻ പരാതി നൽകിയിരുന്നു. തൃക്കൂർ പഞ്ചായത്തിൽ അഞ്ച് സെന്റ് ഭൂമിയുള്ളവർക്ക് വീട് വെയ്ക്കുന്ന ആവശ്യത്തിന് രണ്ട് മൂന്നോ ലോഡ് മണ്ണ് എടുക്കണമെങ്കിൽപോലും പഞ്ചായത്തിന്റെ അനുമതി വേണമെന്നാണ് ഭരണസമിതി തീരുമാനം. ഈ തീരുമാനം നിലവിലിരിക്കെയാണ് നീക്കിയിട്ട മണ്ണ് നീക്കം ചെയ്യാൻ എന്ന പേരിൽ ഖനനം ഉൾപ്പെടെ വെള്ളാനിക്കോട് നടന്നിട്ടും ഭരണസമിതി സ്റ്റോപ്പ് മെമ്മോ നൽകാത്തത്.
ഇതിനെതിരെ ഇന്ന് രാവിലെ മുതൽ യുഡിഎഫ് ഭരണസമിതി അംഗങ്ങൾ പഞ്ചായത്തിൽ ഉപരോധ സമരവും നടത്തുന്നുണ്ട്. എൽഡിഎഫ് പഞ്ചായത്ത് അംഗത്തിന്റെ ഭൂമിയിൽ നിന്നും അനധികൃതമായി മണ്ണെടുക്കാൻ എൽഡിഎഫ് ഭരണസമിതിയും സിപിഎം പ്രാദേശിക ഘടകവും ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം.
അതേ സമയം വെള്ളാനിക്കോട്ടത്തെ അനധികൃത മണ്ണെടുപ്പിനെ ചൊല്ലി പാർട്ടിയിലും പ്രതിഷേധ പുകയുകയാണ്. മണ്ണെടുപ്പിന് അനുമതി നിഷേധിച്ചാൽ പഞ്ചായത്തംഗം രാജി വെക്കുമെന്ന് ഭീഷണിയുള്ളതായും പറയുന്നു. നിലവിൽ 17 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയിൽ എൽഡിഎഫിന് ഒന്പതും, യുഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. ഒരു അംഗത്തിന്റെ നിലപാട് ഭരണത്തെ ബാധിക്കുമെന്നതിനാൽ സിപിഎം വിട്ടുവീഴ്ച ചെയ്യുകയാണെന്ന് ആരോപണമുണ്ട്.
വിഷയത്തിൽ സിപിഐ അംഗം ഉൾപ്പെടെയാണ് എവൈഎഫ് സമരത്തിൽ ഇന്ന് രാവിലെ കൊടികുത്താനായി എത്തിയത്. ഇതോടെ പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയിൽ വിള്ളൽ മറ നീക്കി പുറത്ത് വന്നിരിക്കയാണ്.