ഷൊർണൂർ: പ്രകൃതിചൂഷണങ്ങൾ തടയാൻ ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തിൽ മിന്നൽ റെയ്ഡുകൾ തുടങ്ങി. ചെങ്കൽചൂളകൾ, കരിങ്കൽ ക്വാറികൾ, കളിമണ്ണ്. മണൽകടത്ത് മറ്റു പ്രകൃതിചൂഷണങ്ങൾ എന്നിവയ്ക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് ഒറ്റപ്പാലം സബ് കളക്ടറുടെ തീരുമാനം.
ഒറ്റപ്പാലം സബ് ഡിവിഷൻ പരിധിയിൽ ശക്തമായ പരിശോധനകൾ വരുംദിവസങ്ങളിൽ നടക്കും. അനധികൃതമായി മണ്ണുകടത്തിയ നാലുവാഹനങ്ങൾ സബ് കളക്ടറുടെ സ്ക്വാഡ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
മണ്ണാർക്കാട് കുലുക്കല്ലൂർ എന്നിവിടങ്ങളിൽനിന്നാണ് സബ്കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പിടികൂടിയത്. തിരുവേഗപ്പുറ അന്പലക്കടവിൽ നിന്നാണ് മണൽകടത്താൻ ശ്രമിച്ചതിന് ടിപ്പർലോറി കസ്റ്റഡിയിലെടുത്തത്.
കരിന്പുഴ ആറ്റാശേരിയിൽനിന്ന് അനധികൃതമായി ശേഖരിച്ചു വച്ച രണ്ട് യൂണിറ്റ് മണൽപിടികൂടി. കുന്നിടിച്ചുള്ള മണ്ണുക്കടത്തിന് കുലുക്കല്ലൂർ പ്രഭാപുരത്തുനിന്ന് ഒരു ടിപ്പർ ലോറിയും മണ്ണാർക്കാട് തെങ്കരയിൽ നിന്ന് മണ്ണുമാന്തിയന്ത്രവും.
ടിപ്പർലോറിയും പിടികൂടിയിരുന്നു. കടന്പഴിപ്പുറം ആലങ്ങാട് അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിൽനിന്ന് രണ്ട് കട്ടിംഗ് യന്ത്രങ്ങളും പിടികൂടി. ഇവിടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന നാലു ചെങ്കൽ ക്വാറികൾക്കെതിരെ പിഴ ഈടാക്കുകയും ചെയ്തു. ആറ്റാശേരിയിൽനിന്നും പിടികൂടിയ മണൽ പാലക്കാട് നിർമിതികേന്ദ്രത്തിന് കൈമാറി.
പിടിച്ചെടുത്ത മണ്ണും മണലും വാഹനങ്ങളുമെല്ലാം കളക്ടറുടെ പ്രത്യേക സംഘത്തിന് കൈമാറും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മണ്ണും മണലും നടത്തിയ 16 വാഹനങ്ങളാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. 14 അനധികൃത ക്വാറികൾക്കെതിരെയും നടപടി സ്വീകരിച്ചു.
കടന്പഴിപ്പുറം പഞ്ചായത്തിൽ മാത്രം അഞ്ചു ക്വാറികൾക്കെതിരെയാണ് നടപടിയെടുത്തത്. നെല്ലായ, ചെർപ്പുളശേരി, അനങ്ങനടി, അന്പലപ്പാറ എന്നിവിടങ്ങളിലെ ക്വാറികളിലും പരിശോധന നടത്തി. മൂന്നു താലൂക്കിലെ ഡെപ്യൂട്ടി തഹസീൽദാർമാരും വില്ലേജ് ഓഫീസർമാരും ഉൾപ്പെടെ 20 പേർ അടങ്ങിയ സ്ക്വാഡാണ് റെയ്ഡിന് നേതൃത്വം നല്കുന്നത്.
ഒഴിവുദിവസങ്ങളിലും രാത്രികാലങ്ങളിലും കുന്നിടിക്കലും മണ്ണ്, മണൽ എന്നിവയുടെ കടത്തും പ്രകൃതിചൂഷണങ്ങളും വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സബ് കളക്ടർ തന്നെ നേരിട്ട് നിയമനടപടികൾ സ്വീകരിക്കുന്നത്.
ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിലായി അനധികൃത കരിങ്കൽ ക്വാറികളും ചെങ്കൽ ക്വാറികളും വ്യാപകമായി പ്രവർത്തിക്കുന്നു. ഇതിനുപുറമേ കുന്നുകൾ ഇടിച്ചു നിരത്തുന്നതും വ്യാപകമാണ്.
മണ്ണെടുപ്പും മണലെടുപ്പും വ്യാപകമാണന്ന് പരാതിയുണ്ട്. ഒരിടവേളയ്ക്കുശേഷം തൃത്താല നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഭാരതപ്പുഴയിൽ നിന്നുള്ള മണലെടുപ്പ് തുടങ്ങി. മണലെടുപ്പിന് മോഷണക്കുറ്റമാണ് ചുമത്തുന്നത്. വരുംദിവസങ്ങളിൽ റെയ്ഡ് ശക്തമാക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.