പീറ്റർ ഏഴിമല
പയ്യന്നൂർ: പ്രകൃതിയോടുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂരിൽ പൂർത്തീകരിച്ചുവരുന്ന മണ്ണുവീടു നിർമാണം കൗതുക കാഴ്ചയാകുന്നു. പയ്യന്നൂരിലെ പരിസ്ഥിതി പ്രവർത്തകൻ പി.എം. ബാലകൃഷ്ണന്റെ മകൾ താനിയ കെ.ലീലക്ക് വേണ്ടി അന്നൂരിൽ നിർമിക്കുന്ന മണ്ണുവീടാണ് കൗതുക കാഴ്ചയാകുന്നത്.
പ്രകൃതിയോടിണങ്ങുന്ന ഏറ്റവും ചെലവുകുറഞ്ഞ വീടുവേണമെന്ന താനിയയുടെ ആഗ്രഹമാണ് അന്നൂരിൽ പൂവണിയുന്നത്. താനിയയുടെ ഭർത്താവ് മെക്കാനിക്കൽ എൻജിനിയറായ അജി ആനന്ദാണ് മണ്ണുവീടിന്റെ പിന്നിലെ സൂത്രധാരൻ.
വീടുനിർമാണത്തിന്റെ ചുമതലയേൽപ്പിച്ചത് സഹോദരനും ഭോപ്പാൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ യൂണിവേഴ്സിറ്റി അവസാന വർഷ വിദ്യാർഥിയുമായ ആകാശിനെയാണ്.
ആകാശാണ് ആഫ്രിക്കയിലും നേപ്പാളിലും ഹിമാചൽ പ്രദേശിലും കാണാറുള്ള മണ്ണുവീടിന്റെ രീതിയിൽ നിർമ്മാണം തുടങ്ങിയത്. ഭൂമികുലുക്കത്തെ പോലും അതിജീവിക്കാൻ കഴിയുന്നതും ഏറ്റവും ചെലവുകുറഞ്ഞതുമായ രീതിയിലാണ് ഈ വീടിന്റെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
എക്കോ റസിസ്റ്റൻസ് ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഈ നിർമാണരീതിയുടെ ആദ്യഘട്ടമായി ചെങ്കല്ലുകൊണ്ട് രണ്ടുവരി അടിത്തറയുണ്ടാക്കി അതിനുമുകളിൽ ജില്ലി വിരിച്ചു. അവിടം മുതലുള്ള തറ, ചുമർ എന്നിവ രൂപപ്പെടുത്താൻ ഒരേ വീതിയിലുള്ള പ്ലാസ്റ്റിക് ചാക്കുകളാണ് വേണ്ടത്.
കോയന്പത്തൂരിലെ കന്പനിയിൽനിന്നും കൊണ്ടുവന്ന എണ്ണൂറ് മീറ്ററോളം നീളത്തിലുള്ള പ്ലാസ്റ്റിക്ക് റോൾ ആവശ്യാനുസരണമുള്ള നീളത്തിൽ മുറിച്ചെടുക്കുകയാണ് അടുത്ത പ്രവൃത്തി. ഇതിൽ നനവും പശിമയുള്ള മണ്ണുനിറച്ച് തുന്നിക്കെട്ടിയാണ് കല്ലിന് പകരം ചുമരുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്.
മുകളിൽ അട്ടിയിടുന്ന ചാക്കുകൾ തെന്നിപ്പോകാതിരിക്കാൻ ചാക്കുകൾക്കിടയിൽ മുള്ളുവേലിയുടെ കഷ്ണങ്ങളാണ് സിമന്റ് ചാന്തിന് പകരമായി വെക്കുന്നത്.അഞ്ചോ ആറോ ചാക്കുകളുടെ ഉയരം ചുമരിനാകുന്പോൾ മുകളിൽനിന്നും താഴേക്ക് ചാക്കുകളെ ബന്ധിപ്പിക്കുന്നതിനായി ഇരുന്പ് കന്പി അടിച്ചിറക്കും.
വീടിന് ഉപയോഗിച്ചിരിക്കുന്ന പഴയ ജനലുകളും വാതിലുകളും സിമൻറ് കട്ടവെച്ചാണ് ചുമരുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഈർപ്പം കൂടുതലായി വ്യാപിക്കാൻ സാധ്യതയുള്ള ബാത്ത് റൂമിന്റെ ചുമരുകൾ മാത്രമാണ് കല്ലുകൾകൊണ്ട് കെട്ടിയത്.
രണ്ടുമുറികളും സെൻട്രൽ ഹാളും വരാന്തയുമുള്ള വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയുടെ ഭാരം താങ്ങുന്നത് മണ്ണുകൊണ്ട് നിർമ്മിച്ച പുറംചുമരുകളാണ്. ചാക്കുകൾക്കിടയിലുള്ള ഭാഗം മണ്ണും വൈക്കോലും ചേർന്ന മിശ്രിതമുണ്ടാക്കി അടച്ചശേഷം മണ്ണും ചാണകവും ചേർത്ത് തേക്കുന്നതോടെ ചുമരുകളുടെ നിർമ്മാണം പൂർത്തിയാകും.
അടുക്കള ജീവിതത്തിൽനിന്നും മാറ്റിനിർത്തേണ്ടതില്ല എന്ന ഭാര്യയുടെ അഭിപ്രായം മാനിച്ച് ഹാളിൽതന്നെയാണ് അടുക്കളയ്ക്കുള്ള സൗകര്യമൊരുക്കുന്നതെന്ന് അജി പറഞ്ഞു.
സീലിംഗിന്റെ പണി പൂർത്തീകരിച്ചശേഷം അതിന് മുകളിൽ ചെറിയ സ്റ്റഡി റൂമുകൂടി നിർമിക്കുന്നുണ്ടെന്നും ചാക്ക് ചുമരുകൾക്ക് മുകളിൽ മേൽക്കൂരവരെയുള്ള ഒഴിഞ്ഞ സ്ഥലത്ത് കുപ്പികൾകൊണ്ടുള്ള ചുമരും സ്ലൈഡിംഗ് ജനലും സ്ഥാപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ഇത്തരം ജോലികൾ ചെയ്തു ശീലമുള്ള നേപ്പാളികളായ രണ്ടുപേരെ സഹായികളായി കിട്ടിയതും ലോക്ഡൗണിന്റെ അവധി ദിവസങ്ങളും വിടുനിർമ്മാണത്തിന് സഹായകമായെന്നും അജി പറഞ്ഞു.അഞ്ച് ലക്ഷത്തോളം രൂപയാണ് 980 സ്ക്വയർ ഫീറ്റുള്ള ഈ മണ്ണുവീടിനായി ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.