ചെങ്ങന്നൂർ: മണ്ണെടുപ്പിനെ ചൊല്ലിയുളള തർക്കം സിപിഎമ്മിനും, എംഎൽഎക്കുമെതിരെ സിപിഐ പരസ്യമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി സിപിഎമ്മിന്റെ നിയമവരുദ്ധ പ്രവർത്തനങ്ങളെ ജനങ്ങളുടെ ഇടയിൽ തുറന്നുകാട്ടും വിധത്തിൽ ലഘുലേഖ തയാറാക്കി നിയോജക മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.
നിയോജക മണ്ഡലത്തിൽ മണ്ണെടുപ്പും നിലം നികത്തലും നടത്തുന്ന മാഫിയാ സംഘം വ്യാപകമായതോടെ ഇതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല മുളക്കുഴ പഞ്ചായത്തിൽ നടന്നുവന്ന മണ്ണെടുപ്പ് സിപിഐയും എഐവൈഎഫും ചേർന്ന് തടസപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് മണ്ഡലത്തിൽ സിപിഐയും സിപിഎമ്മും തമ്മിൽ തുറന്നപോര് ആരംഭിച്ചത്.
സംഭവത്തെ തുടർന്ന് സിപിഐ മുളക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജെ തോമസിനെ ഫോണിൽ വിളിച്ച് സിപിഎം നേതാവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി. വിവേക് ഭീഷണിപ്പെടുത്തിയതായും ഗുണ്ടകളെ ഉപയോഗിച്ച് വീട് ആക്രമിച്ചതായും കാട്ടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ചെങ്ങന്നൂർ പെരുംകുളം പാടത്ത് സ്റ്റേഡിയം നിർമാണത്തിനായാണ് മുളക്കുഴയിൽ നിന്നും ചെങ്ങന്നൂരിലെ പുറന്പോക്ക് ഭൂമിയിൽ നിന്നും മണ്ണെടുക്കുന്നതെന്നായിരുന്നു സിപിഎമ്മിന്റെയും എംഎൽഎയുടെയും നിലപാട്. സിപിഎം നേതാക്കൾക്കെതിരെ സിപിഐ പരാതി നൽകിയതോടെ സ്ത്രി പീഡനക്കേസിൽ സിപിഐ മുളക്കുഴ എൽസി സെക്രട്ടറിയെ പ്രതിയാക്കി സിപിഎമ്മും തിരിച്ച് കേസുനൽകി.
കഴിഞ്ഞ ഒരുമാസത്തിന് മുന്പ് ഇരു പക്ഷത്തേയും നേതാക്കൾ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഇപ്പോൾ പരസ്യ പ്രതികരണത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ടുപേജുകളിലായി സിപിഐ തയാറാക്കിയിരിക്കുന്ന ലഘുലേഖയിൽ സിപിഎം ഉദ്യോഗസ്ഥരേയും പോലീസിനെയും ഉപയോഗിച്ച് മാഫിയാ സംഘങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരെ ഒരു കൂട്ടം സിപിഎം നേതാക്കൾ നിയമവാഴ്ചയേയും സമാധാന ജീവിത്തേയും വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ഗുണ്ടാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടത്തുന്ന സമരപരിപാടികൾക്ക് ജനങ്ങളുടെ പിന്തുണ അഭ്യർഥിച്ചുകൊണ്ട് സിപിഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. സന്ദീപാണ് ലഘുലേഖ ഇറക്കിയിരിക്കുന്നത്.