മുക്കം: വീട്ടുമുറ്റത്തെ മണ്ണ് നീക്കാൻ റോയൽറ്റി ആവശ്യപ്പെട്ട ജിയോളജിസ്റ്റിന്റെ ഉത്തരവിനെതിരേ നിയമ പോരാട്ടവുമായി രണ്ട് കുടുംബങ്ങൾക്ക് പോകേണ്ടി വന്നത് ഹൈക്കോടതി വരെ.
കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടു വീട്ടുകാർക്കാണ് മഴയെ തുടർന്ന് അടുത്തുള്ള മലയിൽ നിന്ന് വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ നിയമ പോരാട്ടം നടത്തേണ്ടി വന്നത്.
കോടതിയുടെ കനിവു നേടാൻ രണ്ടു വർഷത്തെ പ്രയത്നവും വേണ്ടി വന്നു. 2018 ജൂണിലായിരുന്നു കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശികളായ സാദിഖലി കൊളക്കാടൻ, അപ്പുണ്ണി പരപ്പിൽ എന്നിവരുടെ വീട്ടുമുറ്റത്തേക്ക് അടുത്തുള്ള മലയിൽ നിന്ന് മഴയെ തുടർന്ന് മണ്ണ് ഇടിഞ്ഞു വീണത്.
മണ്ണിടിച്ചിൽ ആവർത്തിക്കുമെന്ന് ഭയന്ന വീട്ടുകാർ ദുരന്തനിവാരണ അഥോറിറ്റിയുടേയും അഗ്നിരക്ഷാ സേനയുടേയും സഹായം തേടി. അപകട ഭീഷണിയെത്തുടർന്ന് അഗ്നിരക്ഷാസേന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറക്കല്ലുകളും മണ്ണുമടക്കം ഭീഷണിയുള്ള ബാക്കി ഭാഗംകൂടി താഴേക്ക് ഇടിച്ചിട്ടു.
അതോടെ വീട്ടിൽ നിന്ന് മുറ്റത്തേക്കിറങ്ങണമെങ്കിൽ മണ്ണ് നീക്കം ചെയ്യണമെന്നായി. ഒടുവിൽ വീട്ടുകാർ ജില്ല കലക്ടറെ സമീപിച്ചു. അദ്ദേഹം അപേക്ഷ ജിയോളജിസ്റ്റിന് കൈമാറി.
ജിയോളജിസ്റ്റ് സ്ഥലം സന്ദർശിക്കാൻ തന്നെ ഏറെ ദിവസങ്ങളെടുത്തു. ഒടുവിൽ മണ്ണിന് വില കിട്ടുമെന്നതിനാൽ മണ്ണ് മാറ്റണമെങ്കിൽ വീട്ടുകാർ 30,000 രൂപ റോയൽറ്റി അടയ്ക്കണമെന്ന റിപ്പോർട്ടാണ് ജില്ലാ ജിയോളജിസ്റ്റ് നൽകിയത്.
റവന്യൂ മന്ത്രി അടക്കമുള്ളവരെ സമീപിച്ചെങ്കിലും ഉത്തരവിൽ മാറ്റവുമുണ്ടായില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മണ്ണ് നീക്കാൻ റോയൽറ്റി ആവശ്യപ്പെട്ട നടപടി നിയമപരമല്ലെന്ന് മാത്രമല്ല നിരുത്തരവാദപരവുമാണ്.
ഇത്തരമൊരു തീരുമാനം അധികാരികളിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നും നിരീക്ഷിച്ചാണ് കോടതി ജിയോളജിസ്റ്റിന്റെ ഉത്തരവ് തള്ളിയത്.
തുടർന്ന് മണ്ണ് നീക്കം ചെയ്യാൻ ഹൈക്കോടതി ജില്ല കലക്ടറേയും തഹസിൽദാറെയും ചുമതലപ്പെടുത്തുകയും ചെയ്തു.