കോട്ടയം: ആലപ്പുഴയിലെ കരാർ പണിയുടെ പേരിൽ വ്യാജ ലെറ്റർ പാഡും സീലും ഉപയോഗിച്ച് പാസ് സംഘടിപ്പിച്ച് കോട്ടയം ജില്ലയിലുടനീളം മണ്ണു കടത്തിയ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ചില ഉന്നതർ ഉൾപ്പെട്ട വൻ സംഘമാണ് ഇതിനു പിന്നിലെന്നാണ് ഇപ്പോൾ ലഭിച്ച വിവരങ്ങളിൽ നിന്ന് മനസിലാകുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം നടത്തുന്ന കേസിൽ സംശയിക്കപ്പെടുന്നവരെ ഉടൻ പിടികൂടുമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന സിഐ സാജു വർഗീസ് പറഞ്ഞു.
ആലപ്പുഴയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പണിക്കായി കരാറെടുത്ത കന്പനിയുടെ വ്യാജ ലെറ്റർ പാഡും സീലും ഉപയോഗിച്ചാണ് പാസ് സംഘടിപ്പിച്ചത്. പോലീസ് അന്വേഷണത്തിൽ 23 പാസുകൾ വിതരണം ചെയ്തതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന് വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജ ലെറ്റർ പാഡും സീലും ഉണ്ടാക്കിയവരെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ജീവനക്കാരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. വാട്ടർ അതോറിറ്റിയുടെ കരാർ ജോലികൾ ചെയ്യുന്ന എറണാകുളത്തുള്ള കന്പനിയാണ് കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നല്കിയത്. ഇവരുടെ വ്യാജ ലെറ്റർ പാഡും സീലും ഉപയോഗിച്ച് കോട്ടയം മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽനിന്ന് പാസ് സംഘടിപ്പിച്ച് വൻ തോതിൽ മണ്ണു കടത്തിയെന്നാണ് പരാതി.
നാല് വ്യാജ പാസുകൾ കന്പനി പിടികൂടിയിരുന്നു. ഇനിയും കൂടുതൽ പാസുകൾ എടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 2014ലാണ് ബന്ധപ്പെട്ട കന്പനി ആലപ്പുഴയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പണിക്കായി കരാർ എടുത്തത്.
അന്നത്തെ വർക്ക് ഓർഡർ ഉപയോഗിച്ചാണ് പാസ് സംഘടിപ്പിച്ചത്. ഇവരുടെ ജോലിക്ക് ആവശ്യമായ മണ്ണു കൊണ്ടുപോകാൻ എന്ന വ്യാജേന കത്ത് തയറാക്കി മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ നല്കി പാസ് തരപ്പെടുത്തുകയായിരുന്നു. 2017 ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയത്താണ് മണ്ണു കടത്തൽ നടന്നിരിക്കുന്നത്.