കൊച്ചി/പള്ളുരുത്തി: വെണ്ടുരുത്തി പുതിയ പാലത്തിൽ മണ്ണുമാന്തി കപ്പലിടിച്ചത് മൂന്ന് തവണ. പാലത്തിന്റെ തൂണുകളിൽ കപ്പൽ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. നിയന്ത്രണം വിട്ട് ഒഴുകി വന്ന കപ്പൽ ശക്തമായ വേലിയേറ്റത്തെ തുടർന്നു മുന്നു തവണയോളം ഒഴുകി വന്ന് ഇടിക്കുകയായിരുന്നു. ആദ്യ ഇടിയെത്തുടർന്നു കപ്പൽ മുന്നോട്ടെടുത്തെങ്കിലും പിന്നെയും തുടരെ രണ്ടു വട്ടം പാലത്തിന്റെ തൂണുകളിൽ ഇടിക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിൽ ഉള്ളത്.
മൂന്നു വട്ടവും അതിശക്തമായി പാലത്തിൽ കപ്പൽ ഇടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഇടിയുടെ ശക്തി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റും ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനാൽ അധികൃതർ എത്രയും വേഗം കൂടുതൽ വിശദമായ പരിശോധന നടത്തണമെന്നുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.
അതേസമയം വെണ്ടുരുത്തി പാലത്തിൽ മണ്ണുമാന്തി കപ്പലിടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണ്ണുമാന്തി കപ്പൽ കന്പനിക്കെതിതിരേയും അപകടം സംഭവിക്കുന്പോൾ കപ്പൽ നിയന്ത്രിച്ചിരുന്ന കപ്പിത്താനെതിരേയും ഹാർബർ പോലീസാണ് കേസെടുത്തത്. പാലത്തിൽ പരിശോധന നടത്തിയ ശേഷം പൊതുമരാമത്ത് നൽകിയ പരാതിയിൽ “ത്രിദേവ് പ്രേം’ എന്ന മണ്ണുമാന്തി കപ്പലിനെതിരേയാണു കേസ്. സാന്പത്തിക നഷ്ടം അടക്കം വരുത്തിയെന്നുള്ള വകുപ്പുകൾ പ്രകാരമാണു കേസ്.
ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ പൈൽകാപ് കോർണറിൽ കോണ്ക്രീറ്റ് പൊട്ടിയതായി സംഘം കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ടി.കെ. ബെൽദേവ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.ടി. ഷാബു, റോഡ്സ് ആൻഡ് ബ്രിഡ്ജസ് അസി. എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തിൽ പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ട് ചീഫ് എൻജിനീയർക്ക് അയച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാലത്തിനു മുകളിൽനിന്നായിരുന്നു ഇവരുടെ പരിശോധന. പാലത്തിൽ ഇറങ്ങി പരിശോധന നടത്തിയാൽ മാത്രമേ ഇടിയുടെ ആഘാതത്തിൽ പാലത്തിന് എത്രമാത്രം തകരാർ സംഭവിച്ചിട്ടുണ്ടെന്നു വ്യക്തമാകൂ. ഇതിനായി ബോട്ടിലെത്തേണ്ടതുണ്ട്. ഇതിനുള്ള അനുമതിക്കായി പിഡബ്ല്യുഡി നേവിക്കു കത്ത് നൽകി. ഇതിന് അനുമതി ലഭിച്ചാൽ പരിശോധന പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എം.ടി. ഷാബു പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെ കായലിൽ ഡ്രെഡ്ജിംഗ് ജോലി നടത്തിയിരുന്ന “ത്രിദേവ് പ്രേം’ എന്ന മണ്ണുമാന്തി കപ്പലാണ് പാലത്തിന്റഎ ഏഴാമത്തെ തൂണിൽ ഇടിച്ചത്. യന്ത്രം തകരാറിലായി നിയന്ത്രണം വിട്ട് ഒഴുകിയതിനെത്തുടർന്നായിരുന്നു അപകടം. നാവികസേനയ്ക്ക് വേണ്ടി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മണ്ണുമാന്തി കപ്പലാണിത്.