വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ കുഴികളിൽ ചാടി കേടുവന്ന് റോഡിൽ കിടക്കുന്നത് ഒരു ഡസനോളം വാഹനങ്ങൾ. പെരുംകുഴികളുള്ള വടക്കഞ്ചേരി റോയൽ ജംഗ്ഷൻ മുതൽ ഹോട്ടൽ ഡയാനവരെയുള്ള ഭാഗത്തുമാത്രം നാലു വാഹനങ്ങളാണ് ലീഫ് പൊട്ടിയും ആക്സിൽ ഒടിഞ്ഞും വഴിയിൽ കിടക്കുന്നത്.
ചരക്കുവാഹനങ്ങളാണ് വെള്ളംനിറഞ്ഞ് ഒഴുകുന്ന കുഴികളുടെ ആഴമറിയാതെ അതിൽ ചാടി കേടുവന്നിട്ടുള്ളത്. തങ്കം കവലയിലെ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ്, കുഴികൾ കിണർ കണക്കേ ആഴമായതോടെ ഈ റോഡ് ഏറേനേരം അടച്ചിട്ടു. ഇവിടെ ആറുവരിപ്പാതയുടെ ഫ്ളൈ ഓവർ പണികൾ പാതിവഴിക്ക് നിർത്തിവച്ചതിനാൽ ദേശീയപാത വഴിയുള്ള വാഹനങ്ങളെല്ലാം ഇടുങ്ങിയ സർവീസ് റോഡുവഴിയാണ് പോകുന്നത്.