തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത പണിയുടെ പുരോഗതിയും സുരക്ഷാഭീഷണിയും പരിശോധിക്കുവാൻ മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹൻദാസ് എത്തി.
റോഡ് പണി പൂർത്തിയാക്കുക, മണ്ണിടിച്ചിൽ തടയുക, മുളയം, മുടിക്കോട് അടിപ്പാതകൾ പൂർത്തീകരിക്കുക, മണ്ണിടിച്ചിൽ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ ഹർജി പരിഗണിച്ചാണ് പരിശോധന നടത്തിയത്.
പണി ഈ മാസം മുപ്പതിനു പൂർത്തിയാക്കുമെന്നു മരാമത്ത് മന്ത്രി ജി. സുധാകരൻ രണ്ടുമാസം മുന്പു വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കാത്തതുമൂലം അനേകായിരം യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ആരോപിച്ചാണു ഹർജി നൽകിയത്. പണി സ്തംഭിച്ചിരിക്കുകയാണെന്നു കമ്മീഷൻ നേരിൽ കണ്ടു ബോധ്യപ്പെട്ടു.
കമ്മീഷൻ നോട്ടീസ് അയച്ചതനുസരിച്ച് ദേശീയപാത അഥോറിറ്റിയുടേയും കരാറുകാരുടേയും പ്രതിനിധികളും പരാതിക്കാരനും എത്തിയിരുന്നു. ചേർത്തലയിൽ നടന്ന സിറ്റിംഗിൽ ഇരുവിഭാഗത്തേയും കേട്ടശേഷമാണ് പരിശോധനയ്ക്കു തീരുമാനമെടുത്തത്.