സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി പോലീസ് സ്റ്റേഷനിലെ വനിതാ ഐപിഎസ് ട്രെയിനിക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ വീട്ടുപണി ചെയ്യാൻ തയാറാകാത്തതിനു പോലീസുകാരനെ എആർ ക്യാന്പിലേക്ക് സ്ഥലംമാറ്റിയെന്ന പരാതിയെതുടർന്നാണ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സ്പെഷൽ ബ്രാഞ്ചിനോടും രഹസ്യാന്വേഷണ വിഭാഗം സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കും.
തിരുവനന്തപുരത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി തന്നെ നിർദേശിച്ച സാഹചര്യത്തിലാണ് മണ്ണുത്തിയിലെ പരാതിയെക്കുറിച്ച് അന്വേഷണം നടക്കുന്നത്.
പോലീസുകാരന്റെ പരാതി ശരിയാണോ എന്നതിനെക്കുറിച്ചാണ് അന്വേഷണം. അടുക്കള മാലിന്യം നീക്കാൻ തയാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്നാണ് പോലീസുകാരന്റെ വെളിപ്പെടുത്തൽ.അടുക്കളമാലിന്യം പോലീസ് യൂണിഫോമിട്ട് പുറത്തുകൊണ്ട് കളയാൻ പറ്റില്ലെന്ന് ഉറപ്പിച്ചുപറഞ്ഞതോടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ തനിക്കെതിരെ ഗുരുതര അച്ചടക്ക ലംഘനത്തിനു മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് സമർപ്പിച്ചെന്നാണ് പോലീസുകാരന്റെ പരാതി. തന്നെക്കൊണ്ട് വീട്ടുപണികൾ ഇവർ ചെയ്യിച്ചിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.
ഐപിഎസ് ട്രെയിനിയായ ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാൻ ചൂടുവെള്ളം കുളിമുറിയിൽ കൊണ്ടുവയ്ക്കുക, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുക തുടങ്ങിയ പണികൾ തന്നെക്കൊണ്ട് ചെയ്യിച്ചിരുന്നതായി പോലീസുകാരൻ കഴിഞ്ഞദിവസം ചാനലിൽ വെളിപ്പെടുത്തിയതോടെയാണ് മണ്ണുത്തി സംഭവം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കാൻ തുടങ്ങിയത്.
ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചു എന്ന് ഈ പോലീസുകാരനെതിരെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ മുകളിലേക്കു റിപ്പോർട്ടു നൽകുകയും ഇതേത്തുടർന്ന് ഇയാളെ എആർ ക്യാന്പിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും അറിയിച്ചിരുന്നതായാണ് പോലീസുകാരൻ പറയുന്നത്.
രഹസ്യാന്വേഷണ വിഭാഗം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ട് ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കും.
തിരുവനന്തപുരത്തു ഗവാസ്കർ എന്ന പോലീസുകാരനുണ്ടായപോലെ ശാരീരിക ഉപദ്രവങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു തൃശൂരിലെ പോലീസുകാരൻ പറഞ്ഞിട്ടുണ്ട്.
അതേസമയം, ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചുവെന്ന റിപ്പോർട്ട് മേലുദ്യോഗസ്ഥർക്കു നൽകിയതിന്റെ പ്രതികാരമാണ് തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണമെന്ന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പറയുന്നു. രണ്ടു കൂട്ടരുടേയും ആരോപണ പ്രത്യാരോപണങ്ങൾ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. എത്രയും വേഗം ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.