മണ്ണുത്തി: ആറുവരിപാതയിൽ മുളയം റോഡ് ജംഗ്ഷനിൽ അടിപ്പാത നിർമിക്കാതെ റോഡ് പണിയാനെത്തിയവരെ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
വൻ സന്നാഹത്താടെയാണ് കെഎംസി കന്പനി റോഡ് പണിയാനെത്തിയതെങ്കിലും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെയടക്കം സമര സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞു വച്ചു. തുടർന്ന് വൻ പോലീസ് സംഘമെത്തിയതോടെ പ്രദേശത്ത് സംഘാർഷാവസ്ഥ നിലനിന്നെങ്കിലും കെ.രാജൻ എംഎൽഎ എത്തി പ്രശ്നത്തിന് തൽക്കാരം പരിഹാരം കാണുകയായിരുന്നു.
അടുത്ത 12 വരെ എല്ലാ പണികളും നിർത്തിവയ്ക്കാൻ ധാരണയായി. സി.എൻ.ജയദേവൻ എംപിയെ വിളിച്ച് എംഎൽഎ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അദ്ദേഹം കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിഥിൻ ഗഡ്ഗരിയുമായി ചർച്ച നടത്താമെന്നും അറിയിച്ചു. എംപി നിർദ്ദേശിച്ചതിനെ തുടർന്നാണ് കളക്ടർ കഐംസി അധികൃതരോട് പണികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
നിരവധിയാളുകൾ ദിവസവും റോഡ് മുറിച്ചു കടക്കുന്ന ഇവിടെ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തിവരികയാണ്. കെ.വി.ജോണി, മുത്തുതങ്ങൾ, സുന്ദർരാജൻ മാസ്റ്റർ, എ.എസ്.രാമദാസ്, മനോജ്, ഫ്രാൻസിസ് പുല്ലോക്കാരൻ, ഫ്രാൻസിസ് താടിക്കാരൻ, ജോണ്സൻ പോന്നോർ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.