സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരി ദേശീയപാതയുടേയും കുതിരാൻ തുരങ്കപ്പാതയുടേയും നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു ടി.എൻ. പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ കേരളത്തിലെ എംപിമാരുടെ നിവേദനം.ജനപ്രതിനിധികൾ അടങ്ങുന്ന സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പൊതുമരാമത്തു മന്ത്രി, തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ എംപിമാർ, ഒല്ലൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ, നാഷണൽ ഹൈവേ അഥോറിറ്റി ചെയർമാൻ, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ, കരാറുകാരായ ഹൈദരാബാദിലെ തൃശൂർ എക്സ്പ്രസ് വേയ്സിന്റെ മാനേജിംഗ് ഡയറക്ടർ, വിഷയം ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും കേസാക്കിയ പൊതുപ്രവർത്തകൻ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് എന്നിരുടെ യോഗം കേന്ദ്രമന്ത്രിയുടെ ഓഫീസിൽ വിളിച്ചുകൂട്ടണമെന്നാണ് ആവശ്യം.
കേരളം, തമിഴ്നാട്, ആന്ധപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്കു കടന്നുപോകാനുള്ള പാതയാണിത്. സുരക്ഷാക്രമീകരണങ്ങളില്ലാതെ പണി നടത്തുന്നതുമൂലം വാഹനാപകടങ്ങളിൽ 58 പേർ മരിച്ചെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരാറനുസരിച്ച് എട്ടുവർഷം മുന്പ് പണി പൂർത്തിയാക്കി ആറുവരിപ്പാത തുറന്നുകൊടുക്കേണ്ടതായിരുന്നു.
മുപ്പതു മാസത്തിനകം പണി പൂർത്തിയാക്കുമെന്ന കരാർ പലതവണയായി കരാർ കന്പനി ലംഘിച്ചിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവുകൾ പാലിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ തുരങ്കത്തിന്റേയും റോഡിന്റേയും പണി പൂർത്തിയാക്കുമെന്നു ഹൈക്കോടതിയിൽ കരാർ കന്പനി സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിലും പണി നടക്കുന്നില്ലെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ടി.എൻ. പ്രതാപനു പുറമേ, കെ. മുരളീധരൻ, ബെന്നി ബഹനാൻ, കെ. സുധാകരൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, തോമസ് ചാഴികാടൻ, എ.എം. ആരിഫ് എന്നീ എംപിമാരും നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്.