വടക്കഞ്ചേരി: വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാത കുതിരാനിൽ വാഹനങ്ങൾ ഓടും മുന്പേ തകർന്ന റോഡ് വെട്ടി പൊളിച്ച് വീണ്ടും നിർമ്മിക്കുന്നതിലും അപാകത കണ്ടെത്തി. ഇതേ തുടർന്ന് നാഷണൽ ഹൈവെ അതോറിറ്റി അധികൃതർ ഇന്നലെ സ്ഥലത്തെത്തി പരിശോധിച്ചു.
അപാകതകൾ പരിഹരിച്ച് സുരക്ഷിതവും ഉറപ്പേറിയതുമായ രീതിയിൽ റോഡ് പണി നടത്തണമെന്ന് നിർദ്ദേശം നൽകി.കൊന്പഴയിൽ നിന്നും തുടങ്ങി പീച്ചി ജലസംഭരണിക്ക് മുകളിലൂടെയുള്ള പാലം റോഡാണ് വാഹനങ്ങൾ ഓടി തുടങ്ങും മുന്പേ മൂന്നാഴ്ച മുന്പ് തകർന്നത്. ഇടതുഭാഗത്തെ ആദ്യ തുരങ്കത്തിലേക്കുള്ള റോഡാണിത്.
റോഡിനായി മണ്ണിട്ട് ഉയർത്തിയത് വേണ്ട വിധം റോളറുപയോഗിച്ച് ഉറപ്പാകാതിരുന്നതാണ് വലിയ വിള്ളലുണ്ടായി റോഡ് തകരാൻ കാരണമായത്. തകർന്ന ഭാഗത്തെ ടാർ അടർത്തിയെടുത്ത് റോഡും സംരക്ഷണഭിത്തിയും വീണ്ടും നിർമ്മിച്ചു കൊണ്ടിരിക്കെയാണ് അപാകത കണ്ടെത്തിയത്. അതേ സമയം, നാഷണൽ ഹൈവെ അതോറിറ്റിയുടെ പതിവ് പരിശോധനയാണെന്നും കാര്യമായ അപാകതയൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കരാർ കന്പനി അധികൃതർ പറഞ്ഞു.