സ്വന്തംലേഖകൻ
തൃശൂർ: കേരളത്തിലെ ആദ്യത്തെ ആറുവരി പാത, ആദ്യത്തെ തുരങ്കങ്ങൾ എല്ലാം പണികൾ തുടങ്ങിയിട്ട് പത്തു വർഷത്തിലധികമായി. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് അനക്കം വയ്ക്കണമെങ്കിൽ എംപിമാർ ഡൽഹിയിൽ എന്തെങ്കിലും ചെയ്താൽ മാത്രമേ നടക്കൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്തായാലും എംപിമാർ വരുന്നു, പോകുന്നു. പക്ഷേ കേരളത്തിലെ ആദ്യത്തെ ആറുവരി പാതയും തുരങ്കങ്ങളുമൊക്കും ഇതുവരെയായി ജനങ്ങൾക്ക് ഉപകാരമായിട്ടില്ല.
മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയാണ് ആറുവരി പാത നിർമാണം ആരംഭിച്ചത്. ഭൂമി എടുക്കുന്നതുമായി ബന്ധപ്പെട്ട് താമസമുണ്ടായതിനെ തുടർന്ന് വർഷങ്ങളോളം പദ്ധതി അനങ്ങാതെ കിടന്നു. ഭൂമിയെടുത്തു നൽകിയപ്പോഴാകട്ടെ പല കാരണങ്ങൾ പറഞ്ഞ് കോണ്ട്രാക്ടറും റോഡു പണി ഉപേക്ഷിച്ചു. പണമില്ലെന്ന പേരിലാണ് കോണ്ട്രാക്ടർ റോഡു പണി പാതി വഴിയിൽ ഉപേക്ഷിച്ചത്. പത്തു വർഷത്തിലധികമായി ഈ ഭാഗത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണാൻ പാർലമെന്റംഗങ്ങൾ ഒരു നടപടിയുമെടുത്തിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.
അടിപ്പാത നിർമാണവും, മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വന്നപ്പോൾ അതു പരിഹരിക്കാനെന്ന പേരിൽ ഡൽഹിയിൽ മന്ത്രിമാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നറിയിക്കുന്നതല്ലാതെ ഒരു നടപടിയും ഇതിന്റെ പേരിൽ എടുത്തിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ മേൽപാലത്തിന്റെയോ, അടിപ്പാതയുടെ തീരുമാനം നടപ്പാക്കാനും എംപിമാർക്കായിട്ടില്ല.
ജനുവരി മാസത്തിൽ ആറുവരിപാതയുടെ നിർമാണവും തുരങ്കത്തിന്റെ നിർമാണവും പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കി തുറന്നു കൊടുക്കണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ തൃശൂരിൽ യോഗം വിളിച്ചു ചേർത്ത് “ഉത്തരവ്’ നൽകിയിരുന്നു. എന്നാൽ അന്ത്യശാസനവും അനിശ്ചിതമായി നീണ്ടാലും കുഴപ്പമില്ലെന്നതാണ് തെളിഞ്ഞിരിക്കുന്നത്.
സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതൊന്നും കരാർ ജോലിക്കാർ പൂർത്തിയാക്കിയില്ല. അന്ത്യശാസനം നൽകിയ മന്ത്രിയാകട്ടെ പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അന്ത്യശാസനമൊന്നും കേന്ദ്രത്തിൽ ഏൽക്കില്ലെന്ന് ബോധ്യമായതോടെയാണ് മന്ത്രിയും ഇങ്ങോട്ട് തിരിഞ്ഞു നോക്കാതിരിക്കുന്നതത്രേ.
ആറുവരിപാത അനങ്ങണമെങ്കിൽ എംപിമാർ കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ എന്തെങ്കിലും നടക്കൂവെന്ന് സംസ്ഥാന മന്ത്രിമാരും പറയുന്നു. എംപിമാരായ പി.കെ.ബിജുവും സി.എ്ൻ.ജയദേവനും ഇതിനായി സമ്മർദ്ദം ചെലുത്തിയെന്ന് പറയുന്നു. എന്നാൽ വടക്കഞ്ചേരി മുതൽ പാലക്കാട് വരെയുള്ള നാലുവരി പാതയുടെ നിർമാണം പൂർത്തിയാക്കിയിട്ട് വർഷം കഴിഞ്ഞു.
മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാതയാണ് പൂർത്തിയാക്കാതെ കിടക്കുന്നത്. തൃശൂർ മണ്ഡലത്തിൽപെട്ട ഭാഗത്താണ് പണികൾ നടക്കാതിരിക്കുന്നത്. പണികൾ പൂർത്തിയാകുന്നതിനുമുന്പു തന്നെ വടക്കഞ്ചേരിക്കടുത്ത് തേനിടുക്കിൽ ടോൾ പിരിക്കാനുള്ള കെട്ടിടത്തിന്റെ പണികൾ കന്പനി പൂർത്തിയാക്കിയിട്ടുണ്ട്. ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ടോൾ പിരിവ് ആരംഭിക്കാതിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വരുന്നതിനാൽ എന്തായാലും ആറുവരിപാതയുടെ നിർമാണവും ഇനിയും അനിശ്ചിതമായി തുടരും. പണികൾ തുടങ്ങാൻ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ നേരിട്ട് നൽകിയ ഉത്തരവു പോലും പാലിക്കാത്തവർ കമ്മീഷന്റെ ഉത്തരവ് പാലിക്കുമോയെന്ന് കാത്തിരിക്കയാണ്.