വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഇപ്പോൾ നടക്കുന്ന ഓട്ടയടയ്ക്കലിനുള്ള തുക കരാർ കന്പനിയായ കെഎംസിയിൽനിന്നും പിന്നീട് ഈടാക്കുമെന്ന് നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ പറഞ്ഞു.ദേശീയപാതയിൽ രണ്ടരകോടി രൂപയുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സമയം എടുക്കുമെന്നതിനാലാണ് ഗതാഗതതടസം ഒഴിവാക്കാൻ അടിയന്തിര പ്രവൃത്തിയെന്ന നിലയിൽ നാഷണൽ ഹൈവേ അഥോറിറ്റി വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാത നിർമാണം നടത്തിയ കെഎൻആർസിയുടെ സഹായത്തോടെ കുഴിയടയ്ക്കൽ നടത്തുന്നത്.
വടക്കഞ്ചേരിമുതൽ കുഴിയടയ്ക്കൽ തുടരുകയാണ്. ഇന്നലെ വടക്കഞ്ചേരി ഭാഗത്തെ കുഴിയടയ്ക്കൽ പൂർത്തിയായി. മഴ പെയ്തില്ലെങ്കിൽ ഓട്ടയടച്ചത് ഏതാനും ആഴ്ചകൾ നിലനില്ക്കും. ഒപ്പിക്കൽ കുഴിയടയ്ക്കലാണ് നടത്തുന്നത്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം ഏറ്റെടുത്ത കെ എംസി കന്പനി സാന്പത്തിക ഞെരുക്കത്തിലായതിനാലാണ് തത്കാലം നാഷണൽ ഹൈവേ തന്നെ ഫണ്ട് കണ്ടെത്തി കെ എൻആർസിയെകൊണ്ട് കുഴി അടപ്പിക്കുന്നത്.
പന്നിയങ്കരയിൽ ടോൾപിരിവ് തുടങ്ങുന്പോൾ അറ്റകുറ്റപണിക്കുള്ള തുക കൂടി കഐംസിയിൽനിന്നും ഈടാക്കുമെന്നും നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ പറഞ്ഞു. ആറുവരിപാത നിർമാണം പാതിവഴിയിലായതിനാൽ കെ എം.സിയെ മാറ്റി മറ്റൊരു കരാർ കന്പനിയെ പണികൾ ഏല്പിക്കുന്നത് പ്രായോഗികമല്ല.
അത് കൂടുതൽ വൈകലിനു വഴിവയ്ക്കുമെന്നാണ് നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. അടുത്തമാസം തന്നെ കെ എംസി പണികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ വ്യക്തമാക്കി. ഇപ്പോഴത്തെ ഓട്ടയടയ്ക്കൽ ഒരാഴ്ചകൊണ്ട് പൂർത്തിയാകും.