വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമാണം അനിശ്ചിതമായി നിർത്തിവച്ചതിനെ തുടർന്ന് നശിക്കുന്നത് മുന്നൂറു കോടിയോളം രൂപയുടെ റോഡ് നിർമാണ വാഹനങ്ങളും യന്ത്രസാമഗ്രികളും. കൂടാതെ 50 ടണ്‍ സിമന്റ്, പന്നിയങ്കര ഉൾപ്പെടെയുള്ള മെയിൻ പ്ലാന്റുകൾ, ടണ്‍ കണക്കിനു സ്റ്റീലും കന്പികളുമെല്ലാം അനാഥമായ സ്ഥിതിയിലാണ്.
കരാർ കന്പനിയായ കെഎംസിയുടേതാണ് ഈ വാഹനങ്ങളും യന്ത്രസാമഗ്രികളുമെല്ലാം. പന്നിയങ്കരയിലെ പ്ലാന്റിനു മാത്രം പത്തുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി എട്ടുമാസത്തെ ശന്പളകുടിശികയ്ക്കായി ചുവട്ടുപാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ജീവനക്കാർ പറഞ്ഞു.
ചുവട്ടുപ്പാടത്ത് നാഥനില്ലാത്ത മട്ടിലാണ് ടൗണ്‍ കണക്കിനു സ്റ്റീൽ കൂടിക്കിടക്കുന്നത്. കന്പി ഉൾപ്പെടെയുള്ളവ വേറെയുമുണ്ട്. പട്ടിക്കാട് 50 ടണ്‍ സിമന്റ് മതിയായവിധം സൂക്ഷിക്കാതെ കട്ടപിടിച്ച് ഉപയോഗശൂന്യമായി. മെഷിനറികളാണ് വർഷങ്ങളായി പ്രവർത്തിക്കാത്തതുമൂലം നശിക്കുന്നത്.
ചുവട്ടുപ്പാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് പരിസരത്തും പാതയോരങ്ങളിലും ചാലക്കുടിയിലും കുതിരാൻ തുരങ്കപാത ഭാഗത്തും ഇത്തരത്തിൽ സാധനങ്ങൾ കേടുവന്ന് നശിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കരാർകന്പനി സാന്പത്തിക പ്രതിസന്ധി പറഞ്ഞ് കുതിരാനിലെ തുരങ്കപാതകൾ ഉൾപ്പെടെ ആറുവരി ദേശീയപാത നിർമാണം പൂർണമായി നിർത്തിവച്ചത്.
അതിനുമുന്പും ഇടയ്ക്കിടെ നിർത്തിവച്ചും തുടങ്ങിയും ഒച്ചിഴയുംമട്ടിലാണ് പണികൾ നടന്നിരുന്നത്. ഇനി പാർലമെന്റ് തെരഞ്ഞെടുപ്പു കഴിയാതെ പണികൾ ആരംഭിക്കാനിടയില്ലെന്നാണ് കരാർ കന്പനി ജീവനക്കാർ പറയുന്നത്. അപ്പോഴേയ്ക്കും കേരളത്തിൽ മഴക്കാലമാകും. പിന്നേയും പണികൾ നീണ്ടുപോകും.