സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി -വടക്കഞ്ചേരി ആറുവരി ദേശീയപാതയുടേയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയാക്കാൻ വൈകുന്നതിനു കാരണം കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയാണെന്നും പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തുരങ്കങ്ങൾക്കു സുരക്ഷാസൗകര്യം ഒരുക്കാൻ ആവശ്യമായ വനഭൂമി വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടില്ല. അതു പൂർത്തിയാക്കിയാൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി നേടിയെടുക്കും. പണി പൂർത്തിയായ ഒരു തുരങ്കം എത്രയുംവേഗം ഗതാഗതത്തിനു തുറന്നുകൊടുക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി.
തുരങ്കം സുരക്ഷിതമാക്കാൻ തുരങ്കത്തിനു സമീപത്തുള്ള 1.8 ഹെക്ടർ വനഭൂമി വിട്ടുകിട്ടണമെന്നു കരാറുകാർ കഴിഞ്ഞവർഷം സർക്കാരിന് അപേക്ഷ നൽകിയതാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുത്തിട്ടില്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ടി.എൻ. പ്രതാപൻ എംപി മുൻകൈയെടുത്ത് കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ ഓഫീസിൽ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഈ തീരുമാനം.
കേന്ദ്രമന്ത്രി വി. മുരളീധരൻ, എംപിമാരായ രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, എൻ.കെ. പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, എം.കെ. രാഘവൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, എ.എം. ആരിഫ് തുടങ്ങിയവരും കേന്ദ്ര മന്ത്രാലയത്തിന്റെയും ദേശീയപാത അഥോറിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ആറുവരിപ്പാത, കുതിരാൻ തുരങ്കം വിഷയങ്ങൾ ഉന്നയിച്ച് സമരങ്ങളും നിയമപോരാട്ടങ്ങളും നയിച്ച അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തും ചർച്ചയിൽ പങ്കെടുത്തു.
നിർമാണ കരാർ ഏറ്റെടുത്ത കന്പനി നിശ്ചിതസമയത്തിനകം പണി പൂർത്തിയാക്കാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കരാർ ലംഘനം നടത്തിയിട്ടുണ്ടെന്നു മന്ത്രി സമ്മതിച്ചു. കന്പനി കോടതിയിൽ പോയി സ്റ്റേ വാങ്ങി നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുന്നത് ഒഴിവാക്കാനാണ് അവരെ ഒഴിവാക്കാതിരുന്നത്.
വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കരാർ ഏറ്റെടുത്ത കന്പനിയെ ബാങ്കുകൾ നിഷ്ക്രിയ ആസ്തി സ്ഥാപനമായി പ്രഖ്യാപിച്ചു. ഇതോടെ പണി പൂർത്തിയാക്കാനുള്ള വായ്പ ഒരു ബാങ്കിൽനിന്നും കിട്ടാതായി. പണി സ്തംഭിക്കാൻ ഇതാണു കാരണം. എൽ ആൻഡ് ടി ഫിനാൻസിൽനിന്ന് വായ്പയെടുക്കാനുള്ള ശ്രമങ്ങൾ അവർ തുടരുന്നുണ്ട്. കേന്ദ്ര സർക്കാർ സഹായകമായ നിലപാട് സ്വീകരിക്കും. പണം ലഭിക്കുന്ന മുറയ്ക്കു പണി വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നു മന്ത്രി പറഞ്ഞു.
റോഡ് നിർമാണങ്ങൾ 80 ശതമാനവും പൂർത്തിയായിട്ടുണ്ട്. പണിപൂർത്തിയായ റോഡിന്റെ സ്ഥിതി മോശമാണെന്നും സഞ്ചാരയോഗ്യമല്ലെന്നും ടി.എൻ. പ്രതാപൻ എംപിയുടെ നേതൃത്വത്തിലുള്ള കേരളത്തിൽനിന്നുള്ള എംപിമാരുടെ സംഘം മന്ത്രിയെ ബോധിപ്പിച്ചു. ഇതു പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അപകടങ്ങൾ കുറയ്ക്കാനുള്ള സംവിധാനങ്ങളും നിലവിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികളും അടിയന്തരമായി നിർവഹിക്കണമെന്നു മന്ത്രി ഉദ്യോഗസ്ഥർക്കുനിർദേശം നൽകി.
കുതിരാനിലെ തുരങ്കങ്ങളിലൊന്നിന്റെ നിർമാണം 90 ശതമാനവും പൂർത്തിയായി. സുരക്ഷ ഉറപ്പു വരുത്തി ജനങ്ങൾക്കു തുറന്നു കൊടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാന വനം വകുപ്പിന്റെ അനുമതി സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് നേടിക്കൊടുക്കണമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇത് ഉറപ്പാക്കാനായാൽ ഉടനെ തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കും.