തൃശൂർ: മണ്ണുത്തി-എറണാകുളം നാലുവരി പാതയിൽ ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ച 44 കാമറകളിൽ 41 കാമറകളും പ്രവർത്തന രഹിതമായി. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെൽട്രോണാണ് 2013ൽ ക്യാമറകൾ സ്ഥാപിച്ചത്. എറണാകുളം ജില്ലയിൽ വൈറ്റില മുതൽ കറുകുറ്റി വരെ സ്ഥാപിച്ച 21 കാമറകളിൽ കുണ്ടന്നൂരിൽ മാത്രമാണ് രണ്ട് ക്യാമറകൾ പ്രവർത്തിക്കുന്നത്. തൃശൂർജില്ലയിൽ കൊരട്ടി മുതൽ മണ്ണുത്തി വരെ സ്ഥാപിച്ച 23 കാമറകളിൽ ആന്പല്ലൂരിലെ കാമറ മാത്രമാണ് പ്രവർത്തിക്കുന്നത്.
കാമറകൾ സ്ഥാപിച്ചതു മുതൽ തന്നെ പല കാമറകളും പ്രവർത്തന രഹിതമായി തുടങ്ങിയിരുന്നു. തൃശൂരിലെ മനുഷ്യാവകാശ സംഘന നേർകാഴ്ച സെക്രട്ടറി പി.ബി.സതീഷിന് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വിവരങ്ങൾ നൽകിയത്.
2016 ഫെബ്രുവരി ഏഴു മുതൽ 2019 ജൂണ് 17 വരെ മൂന്നര വർഷത്തിനിടെ ട്രാഫിക് ലംഘനം നടത്തിയ 9,28,815 വാഹനങ്ങളാണ് കാമറയിൽ കുടുങ്ങിയത്. 37,15,26,000 കോടി രൂപയാണ് പിഴയിട്ടത്. ഇതിൽ 26,59,52,600 കോടി രൂപ ഗതാഗതവകുപ്പിന് ലഭിച്ചു. ബാക്കി തുക ഇനിയും പിരിഞ്ഞു കിട്ടാനുണ്ട്. അമിത വേഗതയ്ക്ക് 400 രൂപയാണ് പിഴ. 3,37,197 ലക്ഷം വാഹനങ്ങളാണ് അമിത വേഗതയ്ക്ക് കുടുങ്ങിയത്.
അതിഗുരുതരമായി റെഡ് സിഗ്നൽ ലംഘനം നടത്തി പാഞ്ഞത് 5,91,618 ലക്ഷം വാഹനങ്ങളാണ്. റെഡ് സിഗ്നൽ ലംഘനം ആവർത്തിക്കുന്നവർക്ക് മറ്റു ശിക്ഷണ നടപടികളെടുത്തിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ പേരിൽ കോടികൾ സർക്കാർ ഖജനാവിലേക്ക് ലഭിക്കുന്പോൾ സുരക്ഷിതമായി ഇടമുറിയാനുള്ള അടിപ്പാത നിർമാണമോ റോഡ് സേഫ്റ്റി സുരക്ഷാ മാനദണ്ഡങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ സർക്കാർ ചെയ്യുന്നില്ല.
അടിപ്പാത നിർമിക്കാതെ വിവിധ സിഗ്നൽ സീബ്രാ ജംഗ്ഷനുകളിൽ 2011 മുതൽ 2017 ഡിസംബർ വരെ വിവിധ ജംഗ്ഷനിലെ സീബ്രാ സിഗ്നൽ കെണിയിൽ പെട്ട് സംഭവിച്ച 551 അപകടങ്ങളിൽ 177 പേരാണ് വാഹനങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരഞ്ഞ് മരണപ്പെട്ടത്.
നാലുവരി പാതയുടെ അശാസ്ത്രീയമായ നിർമാണം മൂലം ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം നാറ്റ്പാക് 24 അപകടമേഖലയായ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി റോഡ് സുരക്ഷ അതോറിറ്റിക്ക് കൈമാറിയിട്ടും യാതൊരു സുരക്ഷാ നടപടിയും ഉണ്ടായിട്ടില്ല. സുരക്ഷയുടെ പേരിൽ പിഴ മാത്രം ഈടാക്കുന്ന സർക്കാർ അപകടമരണങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നേർകാഴ്ച സംഘടന ആവശ്യപ്പെട്ടു.