വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത കരാർ കന്പനി ജീവനക്കാർ ചുവട്ടുപ്പാടത്തെ കന്പനി ഓഫീസും കന്പനിയിലേക്കുള്ള വഴികളും അടച്ച് ശന്പള കുടിശികയ്ക്കായുള്ള പട്ടിണിസമരം സമരം ശക്തമാക്കി. ഇന്നലെ രാവിലെ ഓഫീസിലേക്കു വന്ന പുതിയ പ്രോജക്ട് മാനേജരെയും ഓഫീസിലേക്ക് കടത്തിവിട്ടില്ല.
ചുവട്ടുപ്പാടത്തെ പഴയ ഓഫീസ് പടിക്കലാണ് റോഡുനിർമാണ കരാർ കന്പനിയായ കഐംസിയുടെ നൂറോളം ജീവനക്കാർ വഴിയടച്ച് സമരം ശക്തമാക്കിയത്. കഴിഞ്ഞ ജൂണ്‍മാസം മുതൽ ഇവർക്ക് ശന്പളം നല്‍കിയിട്ടില്ല. ശന്പളം ആവശ്യപ്പെടുന്പോൾ തീയതികൾ മാറ്റിപറഞ്ഞ് കരാർ കന്പനിയുടെ കബളിപ്പിക്കൽ തുടരുകയാണെന്ന് ജീവനക്കാർ പറഞ്ഞു.
കരാർ കന്പനിയുടെ കാന്റീനിൽനിന്നും ജീവൻ നിലനില്‍ക്കുന്നതിനുള്ള പരിമിതമായ ഭക്ഷണം മാത്രമാണ് ഇവർക്ക് നല്‍കുന്നത്. കുളിക്കാനുള്ള സോപ്പുമുതൽ എല്ലാം ഇവർ സമീപത്തെ കടകളിൽനിന്നും കടംപറഞ്ഞും കാലാവധി പറഞ്ഞുമാണ് വാങ്ങുന്നത്. ഉടുതുണിയല്ലാതെ വസ്ത്രങ്ങൾ മാറിയെടുക്കാൻപോലും ഇവർക്ക് വകയില്ല.
ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഭൂരിഭാഗംപേരും. വിരലിലെണ്ണാവുന്നവർ മാത്രമാണ് മലയാളികളായി ഇവർക്കൊപ്പമുള്ളത്. ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും പട്ടിണിയിലാണ്. എൻജിനീയർമാർ, ഡ്രൈവർമാർ, സൂപ്പർവൈസർമാർ തുടങ്ങിയവരാണ് ജീവിതചെലവിനായി കഷ്ടപ്പെടുന്നത്. നാട്ടിലേക്ക് തിരിച്ചുപോയാൽ കിട്ടാനുള്ള ശന്പളകുടിശിക കരാർ കന്പനി നല്‍കില്ലെന്നതിനാലാണ് പട്ടിണികിടന്നും ഇവർ ഇവിടെതന്നെ തങ്ങുന്നത്.
മാസം 14,000 രൂപ മുതൽ 80,000 രൂപവരെ ശന്പളം ലഭിച്ചിരുന്ന ജീവനക്കാരാണ് ഇവരെല്ലാം. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മുപ്പതുപേർ പിടിച്ചു നില്‍ക്കാനാകാതെ കഴിഞ്ഞദിവസം നാട്ടിലേക്കു തിരിച്ചുപോയി. തകരഷീറ്റ് മേഞ്ഞ ടെന്റുകളിലാണ് അന്തിയുറക്കം. കുറഞ്ഞ വാടകകെട്ടിടങ്ങളിൽ കഴിയുന്നവരുമുണ്ട്. വാടക കുടിശിക കൂടുന്നതിനാൽ മാറിമാറി പലയിടത്തായാണ് ഇവർ താമസിക്കുന്നത്.
കരാർ കന്പനിയുടെ ക്രൂരതയ്ക്കെതിരേ പോലീസിൽ പരാതി കൊടുത്താൽ പരാതിപോലും സ്വീകരിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ലേബർ ഓഫീസർക്ക് പരാതി നല്കി രണ്ടരമാസമായിട്ടും ചർച്ചയ്ക്കുപോലും വിളിച്ചില്ല. രാഷ്ട്രീയപാർട്ടികളോ ജനപ്രതിനിധികളോ തൊഴിലാളി സംഘടനകളോ തങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും കണ്ടിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
ശന്പള കുടിശിക ലഭിച്ചില്ലെങ്കിൽ ജീവൻവരെ അവസാനിപ്പിക്കേണ്ടി വരുമെന്ന നിലപാടുകളിലാണ് ഇവർ. അതേസമയം കരാർ കന്പനിയുടെ ഉത്തരവാദപ്പെട്ടവരാരും ഇപ്പോൾ സ്ഥലത്തില്ല. കഴിഞ്ഞ ഓഗസ്റ്റിൽ നിർത്തിവച്ച പണികൾ പിന്നെ പുനരാരംഭിച്ചിട്ടില്ല. തുരങ്കപാത നിർമാണവും മുടങ്ങിക്കിടക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പു കഴിയാതെ ഇനി പണികൾ ആരംഭിക്കില്ലെന്നാണ് പറയുന്നത്.