വടക്കഞ്ചേരി: കുതിരാൻ ഉൾപ്പെട്ട വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ താത്കാലിക കുഴിയടയ്ക്കൽ ഒരാഴ്ചകൊണ്ട് പൂർത്തിയാക്കുമെന്നു നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ. കെഎൻആർസിയുടെ വാളയാറിലുള്ള പ്ലാന്റിൽനിന്നാണ് ടാർ മിക്സർ കൊണ്ടുവരുന്നത്.ഇന്നലെ പ്ലാന്റിനുണ്ടായ തകരാറിനെതുടർന്ന് കുതിരാനിലെ കുഴിയടയ്ക്കൽ ഉദ്ദേശിച്ച രീതിയിൽ നടത്താനായില്ല. എന്നാൽ ഇന്നുമുതൽ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
കുതിരാൻ കൊന്പഴ ഭാഗത്ത് കഴിഞ്ഞദിവസം കുഴിയടച്ചതിനെതുടർന്ന് കൊന്പഴയിലെ കുരുക്ക് ഒഴിവായി. ഇരുന്പുപാലം ഭാഗത്ത് കുഴിയടയ്ക്കുന്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ പോലീസിന്റെ നിർദേശത്തോടെ താത്കാലിക സംവിധാനം ഒരുക്കും. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടതുതുരങ്കപ്പാതയിലേക്കുള്ള പുതിയ റോഡിൽ പ്രവേശിച്ച് തുരങ്കമുഖത്തിനു സമീപം വലത്തോട്ടുതിരിഞ്ഞ് പുതിയ പാലത്തിനടിയിലൂടെ പോയി ഇരുന്പുപാലം കടന്നുള്ള വഴിയിലൂടെ കയറിപ്പോകുന്ന സംവിധാനമാണ് ആലോചിക്കുന്നത്.
ഇതിനായി തുരങ്കമുഖത്തിനടുത്ത് വാഹനങ്ങൾ കടക്കാതിരിക്കാൻ കൂട്ടിയിട്ടിരുന്ന മണ്ണുനീക്കി വഴിയൊരുക്കി. കൊന്പഴ വില്ലൻവളവിലെ കുരുക്ക് മറികടക്കാൻ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോൾതന്നെ ഈ വഴിക്കാണ് പോകുന്നത്.വഴുക്കുംപാറ ഇറക്കത്തിലാണ് റോഡ് ഏറെ തകർന്നുകിടക്കുന്നത്. കുതിരാനിലെ വാഹനക്കുരുക്കിനു വഴിവയ്ക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്ന് വഴുക്കുംപാറ ഇറക്കമാണ്. പാലക്കാട് ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ ഈ കയറ്റത്തിലാണ് നിരങ്ങിനീങ്ങുക.
നാഷണൽ ഹൈവേ അഥോറിറ്റിയാണ് താത്കാലികമായി കുഴി അടയ്ക്കുന്നതിനുള്ള തുക ചെലവഴിക്കുന്നത്. വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാത റിക്കാർഡ് വേഗത്തിൽ പൂർത്തിയാക്കിയ കെഎൻആർസി കരാർ കന്പനിയെക്കൊണ്ടാണ് ഇപ്പോൾ കുതിരാനിൽ കുഴിയടപ്പിക്കുന്നത്. കുഴി അടയ്ക്കുന്നതിനുവരുന്ന പണം അഥോറിറ്റി കെഎൻആർസിക്കു നല്കും. പന്നിയങ്കര ടോൾപിരിവ് ആരംഭിക്കുന്പോൾ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം കരാർ എടുത്തിട്ടുള്ള കെഎംസിയിൽനിന്നും ചെലവായ പണം വസൂലാക്കുമെന്നാണ് നാഷണൽ ഹൈവേ അഥോറിറ്റി പറയുന്നത്.
രണ്ടേമുക്കാൽ കോടിയുടെ റീടാറിംഗ് പിന്നാലെ നടക്കും.ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികൾ വൈകാതെ തുടങ്ങുമെന്നു പറയുന്നുണ്ടെങ്കിലും എന്നു തുടങ്ങുമെന്നു പറയാൻ എൻഎച്ച്എഐയ്ക്കും കഴിയുന്നില്ല. കെ.എംസിയെ ഒഴിവാക്കി മറ്റൊരു കരാർ കന്പനിയെക്കൊണ്ട് ശേഷിച്ച പണികൾ നടത്തിക്കുന്നതു പ്രായോഗികമല്ലെന്ന നിലപാടാണ് അഥോറിറ്റി അധികൃതർ പങ്കുവയ്ക്കുന്നത്.
അങ്ങനെ നീക്കമുണ്ടായാൽ കെഎംസി കോടതിയെ സമീപിക്കും. പിന്നെ എല്ലാം സ്തംഭിക്കുന്ന സ്ഥിതിയാകുമെന്നു പറയുന്നു. അതേസമയം, കൊന്പഴമുതൽ കുതിരാൻ വഴുക്കുംപാറ വരെയുള്ള നാലുകിലോമീറ്ററോളം ദൂരം നല്ലനിലയിൽ റീടാറിംഗ് നടത്തി വാഹനക്കുരുക്ക് ഒഴിവാകുംവരെ പ്രക്ഷോഭപരിപാടികളുമായി രംഗത്തുണ്ടാകുമെന്ന് കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.