വടക്കഞ്ചേരി: ഒന്പതുമാസമായി മുടങ്ങിക്കിടന്നിരുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ വീണ്ടും തുടങ്ങി. വടക്കഞ്ചേരിയിലെ ഫ്ളൈഓവർ ഉൾപ്പെടെയുള്ള പണികളാണ് ആരംഭിച്ചിട്ടുള്ളത്. കാടുകയറി കിടന്നിരുന്ന ഭാഗങ്ങൾ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി മണ്ണുനികത്തി ഉയർത്തുന്ന പണികൾ നടക്കും.
ആറുവരിപാതയിലെ ശേഷിക്കുന്ന പ്രധാന പണികളിലൊന്നാണ് വടക്കഞ്ചേരിയിലെ മേല്പാലം നിർമാണം. ഇത് പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയായിരുന്നു. പട്ടിക്കാടും മേല്പാലനിർമാണം തുടങ്ങാനുണ്ട്.കുതിരാനിലെ തുരങ്കപാതകളുടെ പൂർത്തീകരണമാണ് മറ്റൊരു പ്രധാന വർക്ക്. കാലവർഷം അടുത്തെത്തി നില്ക്കേ ഇപ്പോൾ പണികൾ ആരംഭിച്ചാലും കാലവർഷം ആരംഭിക്കുന്നതോടെ റോഡുവർക്കുകൾ തടസപ്പെടും.
എന്നാൽ കരാർ കന്പനിയുടെ ജെസിബിയും ക്രെയിൻ സംവിധാനവും മറ്റും ഏതു പ്രവൃത്തിക്കും സജ്ജമാക്കി നിർത്തുന്നത് മഴക്കാലത്ത് കുതിരാനിൽ സംഭവിക്കാനിരിക്കുന്ന അപകടങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമാകും.കുതിരാനിൽ നിലവിലുള്ള റോഡ് മഴ ശക്തിപ്പെടുന്നതോടെ തകരുമെന്ന് ഉറപ്പാണ്.
ഇക്കാര്യം കരാർ കന്പനി അധികൃതരും സമ്മതിക്കുന്നു. വഴക്കുംപാറ ഭാഗത്തും ക്ഷേത്രത്തിനടുത്തും റോഡ് ഇടിഞ്ഞുതകരും. ഇവിടെയിപ്പോൾ മണൽച്ചാക്കുകൾ അട്ടിയിട്ടാണ് റോഡിന്റെ വശങ്ങൾ സംരക്ഷിക്കുന്നത്. മഴ പെയ്ത് വെള്ളം ഇറങ്ങുന്നതോടെ വശങ്ങൾ എത്രകണ്ട് തകരുമെന്ന് കണ്ടറിയേണ്ടിവരും. വൻദുരന്തങ്ങൾ തന്നെ വഴുക്കുംപാറ തുരങ്കമുഖത്ത് ഉണ്ടാകാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കരാർകന്പനിയായ കഐംസിയുടെ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പാത നിർമാണം നിർത്തിവച്ചത്. അഞ്ചുമാസത്തെ ശന്പളകുടിശിക നല്കിയെങ്കിലും ഇനിയും കരാർ കന്പനി ജീവനക്കാർക്ക് ആറുമാസത്തെ ശന്പളം നല്കാനുണ്ട്. എന്നാൽ സമരത്തിൽനിന്നും പി·ാറിയാണ് ജീവനക്കാർ ജോലിക്കെത്തുന്നത്.