സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി – വടക്കുഞ്ചേരി ആറുവരി ദേശീയപാതയുടെ പണി വൈകിയതിനു കാരണം ഭൂമി ഏറ്റെടുത്തു കിട്ടാൻ വൈകിയതാണെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് വാസ്തവവിരുദ്ധമെന്ന് ആരോപണം. പണി വൈകിയതിനു കരാർ കന്പനിയിൽനിന്നു നഷ്ടപരിഹാരം ഈടാക്കാത്തതിനെതിരേയും വിമർശനം ഉയർന്നിട്ടുണ്ട്. ടി.എൻ. പ്രതാപൻ എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു മന്ത്രി നിതിൻ ഗഡ്കരി നല്കിയ മറുപടിയിലാണ് ഭൂമി ഏറ്റെടുത്തുകിട്ടാൻ വൈകിയെന്ന പരാമർശമുള്ളത്. ഭൂമി ഏറ്റെടുത്തുകൊടുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്.
യുഡിഎഫ് ഭരണകാലത്താണ് ഭൂമി ഏറ്റെടുക്കൽ നടന്നത്.ആറുവരിപ്പാതയുടെ പണി ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കുമെന്നു കരാറുകാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ അടുത്ത വർഷം മേയ് മാസത്തിൽ പൂർത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി ലോക്സഭയിൽ പ്രതാപനു നൽകിയ മറുപടിയിൽ പറയുന്നത്.
കഴിഞ്ഞവർഷം മേയ് മാസം മുതൽ പണിയൊന്നും നടക്കുന്നില്ല. കരാറുകാർക്കു വായ്പ നൽകിയ ബാങ്കുകൾ വായ്പാ തിരിച്ചടവില്ലാത്തതിനാൽ പദ്ധതിയെ കിട്ടാക്കട പദ്ധതിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പണി പൂർത്തിയാക്കാനുള്ള പണം ലഭ്യമാക്കാനുള്ള ശ്രമത്തിലാണു കരാറുകാർ. കുതിരാനിലെ തുരങ്കം നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞതുമൂലം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കൂടുതൽ സ്ഥലം അവശ്യമാണ്. ഇതിനു കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിലുണ്ട്.
ആറുവരിപ്പാത നിർമാണത്തിനു ഭൂമി ഏറ്റെടുത്തുകിട്ടാൻ കാലതാമസം വന്നിട്ടില്ലെന്നു നാഷണൽ ഹൈവേ അഥോറിറ്റി 2014 ഏപ്രിൽ 30 ന് കരാർ കന്പനിക്ക് അയച്ച കരാർ റദ്ദാക്കൽ നോട്ടീസിൽ പറഞ്ഞിരുന്നു. വിവരാവകാശ നിയമപ്രകാരം ദേശീയപാത അഥോറിറ്റി ഈ നോട്ടീസിന്റെ പകർപ്പ് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു നൽകിയിട്ടുണ്ട്.
കരാർ കന്പനിയുടേയും ദേശീയപാത അഥോറിറ്റിയുടേയും അധികൃതർ 2012 നവംബർ ഒന്നിനു ചേർന്ന യോഗത്തിന്റെ മിനിറ്റ്സിൽ 88 ശതമാനം ഭൂമി കൈവശം കിട്ടിയിട്ടുണ്ടെന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. പണിയിൽ പുരോഗതി ഇല്ലാത്തതിനാലാണ് ദേശീയപാത അഥോറിറ്റി കരാർ റദ്ദാക്കിക്കൊണ്ട് നോട്ടീസ് നല്കിയത്.
കുതിരാനിൽ തുരങ്കം തുരക്കുന്ന പണിയും അനുബന്ധ റോഡിന്റെ പണിയും 80 ശതമാനവും പൂർത്തിയാക്കിയശേഷമാണ് തുരങ്കത്തിനു സമീപത്തു മണ്ണിടിഞ്ഞത്. ഇവിടെ വനഭൂമി വിട്ടുകിട്ടാൻ 2018 ജൂണ് 25 നാണ് കന്പനി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. റോഡ് പണി പൂർത്തിയാക്കാൻ കരാറിൽ നിശ്ചയിച്ച സമയപരിധി ദേശീയപാത അഥോറിറ്റി മൂന്നു തവണ നീട്ടിക്കൊടുത്തു.
അവസാന അവധിയായി 2017 ഡിസംബർ 31 ആയി നിശ്ചയിച്ചതാണ്. കരാറുകാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാതെയാണ് കരാർ നീട്ടിക്കോടുത്തത്. ഇപ്പോൾ വീണ്ടും 2020 മേയ് വരെ ഏകപക്ഷീയമായി നീട്ടിക്കൊടുത്തതും നഷ്ടപരിഹാരം ചുമത്താതെയാണ്.