സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണം വൈകിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും പിറകിലുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വിജിലൻസ് കമ്മീഷനു കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് പരാതി നൽകി. നിർമാണച്ചെലവു സംബന്ധിച്ച് കരാർ കന്പനി നൽകിയ കണക്കിൽ കോടികളുടെ വ്യത്യാസമുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കണം.
ദേശീയപാത അഥോറിറ്റിയും കരാർ കന്പനിയായ കെഎംസി കന്പനിയുടെ പ്രത്യേക ദൗത്യകന്പനിയായ തൃശൂർ എക്സ്പ്രസ് വേയും തമ്മിൽ ഓഗസ്റ്റ് 24 ന് ഒപ്പിട്ട നിർമാണ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടും കന്പനിയിൽനിന്നു നഷ്ടം ഈടാക്കിയില്ലെന്നാണ് പ്രധാന ആരോപണം. കരാർ പ്രകാരം 514.05 കോടി രൂപയാണ് നിർമാണച്ചെലവായി കണക്കാക്കിയത്.
എന്നാൽ 2017 നവംബർ 30 ലെ കരാർ കന്പനിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ 1019.01 കോടി രൂപ ചെലവായെന്നാണു രേഖപ്പെടുത്തിയത്. പണി പൂർത്തിയാക്കാനാകാത്ത കന്പനി 1019 കോടി രൂപ ചെലവാക്കിയെന്ന് അവകാശപ്പെട്ടു തയാറാക്കിയ കണക്കിനെക്കുറിച്ച് അന്വേഷിക്കണം. ആറുവരിപ്പാത നിർമാണത്തിലെ നഷ്ടത്തിന്റെ പേരിൽ 236.95 കോടി രൂപ സർക്കാരിൽനിന്ന് ഗ്രാന്റായി കരാർ കന്പനി കൈപ്പറ്റിയിട്ടുണ്ട്.
ദേശീയപാതയ്ക്കുവേണ്ടി എടുത്ത സ്ഥലത്തുനിന്ന് കരാർ കന്പനിക്കു ലഭിച്ച കരിങ്കല്ലിനെക്കുറിച്ചും മണ്ണിന്റെ അളവിനെക്കുറിച്ചും അന്വേഷിക്കണം. നഷ്ടം ഈടാക്കാതെ കരാർ നാലു തവണ ദേശീയപാത അഥോറിറ്റി നീട്ടിക്കൊടുത്തതിനു പിറകിലും അഴിമതിയുണ്ടോയെന്ന് അന്വേഷിക്കണം. കരാർ വ്യവസ്ഥപ്രകാരം നിലവിലെ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണം.
അതു ചെയ്തിട്ടില്ല. ഈ പാതയിൽ കഴിഞ്ഞ ആറു വർഷത്തിനകം ഉണ്ടായ അപകടങ്ങളിൽ 58 പേർ മരിച്ചിരുന്നു. ഇതിൽ കന്പനിക്ക് ഉത്തരവാദിത്വമുണ്ടോയെന്ന് അന്വേഷിക്കണം. കോടതിയും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ട് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും കരാറുകാരും ദേശീയപാത അഥോറിറ്റിയും നടപടിയെടുത്തിട്ടില്ല. ഇതിനെല്ലാം പിറകിൽ അഴിമതിയുണ്ടെന്നു സംശയിക്കേണ്ടിരിക്കുന്നു. അന്വേഷണം വേണമെന്ന് ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിൽ പറയുന്നു.