വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണപ്രവൃത്തികൾ എവിടെയും നടക്കുന്നില്ലെങ്കിലും നിർമാണചെലവ് ഇരട്ടിയായി. ദേശീയപാത അഥോറിറ്റിയും കരാർ കന്പനിയായ കഐംസിയുടെ തൃശൂർ എക്സ്പ്രസ് വേയും തമ്മിൽ 2009-ൽ ഒപ്പിട്ട നിർമാണ കരാർ വ്യവസ്ഥപ്രകാരം 514 കോടി രൂപയാണ് നിർമാണചെലവായി കണക്കാക്കിയിരുന്നത്.
എന്നാൽ 2017-ലെ കരാർ കന്പനിയുടെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നിർമാണചെലവ് 1019 കോടി രൂപയായി ഉയർന്നു. വടക്കഞ്ചേരിയിലും പട്ടിക്കാടും ഉൾപ്പെടെ മേല്‍പാല നിർമാണങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്.കോലംകെട്ട മട്ടിലാണ് തുരങ്കപാതകളുടെ നിർമാണം എത്തിനില്‍ക്കുന്നത്. വരാനിരിക്കുന്ന ഓരോ മഴക്കാലവും തുരങ്കപാതയ്ക്കു മുകളിലെ മലയിടിച്ചിൽ തുടരും.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാലും മലയിടിയുന്നത് തടയാൻ കഴിയുമോയെന്ന് കണ്ടറിയേണ്ടിവരും. തുരങ്കപാതയ്ക്കുള്ളിലെ സുരക്ഷയും ഉറപ്പും സംശയകരമാണ്.തുരങ്കപ്പാതകൾക്കായി പാറകൾ ഉഗ്രസ്ഫോടനത്തോടെ പൊട്ടിച്ചെടുത്തപ്പോഴുണ്ടായ പ്രകന്പനങ്ങൾ കുതിരാൻ മലയെ ഒന്നാകെ ഇളക്കിയിട്ടുണ്ട്.ഇതിന്റെ ഭവിഷ്യത്തുകളും വരുംഭാവിയിൽ കുതിരാനിൽ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷം കുതിരാൻമലയിൽ പലയിടത്തായി ഉണ്ടായ മലയിടിച്ചിൽ ഇതിന്റെ സൂചനകളാണെന്നാണ് വിലയിരുത്തൽ.
റോഡുനിർമാണം നഷ്ടമാണെന്നു കാണിച്ച് സർക്കാരിൽനിന്നും കരാർ കന്പനി 236.95 കോടി രൂപ ഗ്രാന്റായി കൈപ്പറ്റിയിട്ടുണ്ടെന്നും അശാസ്ത്രീയമായപാത നിർമാണം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ ഡിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ദേശീയ വിജിലൻസ് കമ്മീഷനു നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.