തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത കരാർ കന്പനിയുടെ ക്രമക്കേടിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ കത്തയച്ചു.
മലയിടിച്ചിൽ തടയുന്നതിനു കരിങ്കൽഭിത്തി നിർമിക്കുന്നതിനു പകരം മണൽച്ചാക്കു നിരത്തി കന്പനി തട്ടിപ്പു നടത്തുകയാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണു വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്.
എന്തു പകൽക്കൊള്ള നടത്തിയാലും അഴിമതി വീരന്മാരായ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ സംരക്ഷണം തങ്ങൾക്കുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇത്തരം തട്ടിപ്പിനു കരാർ കന്പനി ധൈര്യപ്പെടുന്നത്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് കന്പനി- ഉദ്യോഗസ്ഥ തട്ടിപ്പ് കൂട്ടുകെട്ടിന് അറുവതി വരുത്തണമെന്നും കരിങ്കല്ലുകൊണ്ടുതന്നെ ഭിത്തി നിർമാണം പൂർത്തീകരിക്കാനും നടപടിയെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ ഉണ്ടായിട്ടും അതൊന്നും കണക്കിലെടുക്കാത്ത സമീപനമാണു കരാർ കന്പനിയും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്. അശാസ്ത്രീയ നിർമാണം മൂലമുള്ള അപകടങ്ങളിൽ ആറു വർഷത്തിനിടെ 58പേർ ഇവിടെ മരിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിഷയം ടി.എൻ. പ്രതാപൻ എംപി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വസ്ഥുതകൾക്കു നിരക്കാത്ത വിശദീകരണമാണു ലഭിച്ചത്. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ഒരു തുരങ്കം ജനുവരി 30നകം തുറക്കാമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ട നടപടികൾ എടുക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.