തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കാതെ അപകടങ്ങൾക്ക് വഴിതുറന്നിട്ട് നിർമാണ കന്പനി സ്ഥലം വിട്ടിട്ടും നടപടിയെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതെ സംസ്ഥാന സർക്കാർ.
കുതിരാനിലടക്കം റോഡ് തകർന്നതിനെ തുടർന്ന് ഭരണകക്ഷിയും പ്രതിപക്ഷവുമൊക്കെ സമരത്തിനിറങ്ങിയപ്പോൾ ഒരു മാസത്തിനുശേഷം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ തൃശൂരിലെത്തി യോഗം വിളിക്കുകയും കുഴിയടയ്ക്കാൻ അന്ത്യശാസനം നൽകുകയും ചെയ്തു.
പല സ്ഥലങ്ങളിലും ടാറിംഗ് നടത്താതെ കുഴികൾ പേരിന് അടച്ചെങ്കിലും ദേശീയപാത അഥോറിറ്റിയും കരാർ കന്പനിയും അന്ന് നൽകിയ വാഗ്ദാനം ഇനിയും പൂർത്തിയാക്കിയിട്ടില്ല. മുളയം റോഡിൽ ടാറിംഗ് നടത്താമെന്ന് പറഞ്ഞിട്ടും ഇതുവരെ നടപ്പായില്ല. റോഡുകളിൽ വൻ കുഴികളാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം പട്ടിക്കാടിനടുത്ത് ആറുവരിപ്പാതയിലെ വൻ കുഴിയിൽ വീണ് മൂന്നു ദിവസം കഴിഞ്ഞാണ് ആളെ കണ്ടെത്താനായത്.
മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ആകെയുള്ള മുപ്പത് കിലോമീറ്റർ റോഡിൽ 25 കിലോമീറ്റർ റോഡിലെ പണികൾ മുക്കാൽ ഭാഗവും പൂർത്തിയായിട്ടുണ്ട്. എന്നാൽ ആകെയുള്ള മൂന്നു മേൽപ്പാലങ്ങളിൽ ഒരു മേൽപ്പാലവും ഒന്പത് അടിപ്പാതകളിൽ നാല് അടിപ്പാതകളും മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്.
മറ്റു സ്ഥലങ്ങളിലെ നിർമാണങ്ങളെല്ലാം തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. ഗതാഗതത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നൽകാതെയാണ് കരാർ കന്പനിയുടെ പ്രവർത്തനങ്ങൾ.
റോഡ് നിർമാണത്തിനായി എത്തിയ ഇതര സംസ്ഥാനക്കാരിൽ കൂടുതൽ പേരും ശന്പളവും ജോലിയും നൽകാത്തതിനാൽ പട്ടിണി കിടന്ന് തിരിച്ചു പോയി. ഇവരെ കൂടാതെ ഇപ്പോഴും നിരവധി ജോലിക്കാർ ശന്പളമില്ലാതെയും നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെയും ക്യാന്പുകളിൽ കഴിയുകയാണ്. 15 എൻജിനിയർമാർ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ ശന്പളം കിട്ടാതെ ക്യാന്പുകളിൽ കഴിയുന്നവരിൽ പെടും.
കെഎംസി കന്പനിയാണ് റോഡിന്റെ നിർമാണം ഏറ്റെടുത്തു നടത്തുന്നത്. വെറും രണ്ടു വർഷം കൊണ്ട് പൂർത്തിയാകേണ്ട നിർമാണം നാലു വർഷത്തിലധികമായിട്ടും ഇപ്പോഴും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന രീതിയിലാണ് മന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും നിലപാട്.
റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ അന്ത്യശാസനം നൽകാനും യോഗം വിളിക്കാനും മന്ത്രിക്ക് കഴിയുമെങ്കിലും കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തി റോഡിന്റെ പണികൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളെടുക്കാനും സംസ്ഥാന സർക്കാരിന് സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
പൊതുമരാമത്ത് മന്ത്രി കേന്ദ്ര ഗതാഗത മന്ത്രിയുമായി അടിയന്തിര ചർച്ച നടത്തി കരാർ കന്പനിയുടെ കരാർ ലംഘനത്തിനും നിർമാണം നിർത്തിവയ്ക്കുന്ന നടപടികൾക്കുമെതിരേ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുതിരാൻ തുരങ്കത്തിന്റെ നിർമാണവും നിലച്ചിരിക്കയാണിപ്പോൾ.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കത്തിലൂടെ യാത്ര ചെയ്ത് നിർമാണം നടക്കുന്നില്ലേയെന്ന് ചോദിച്ച് പോയതല്ലാതെ പ്രശ്നങ്ങളിൽ ഇടപെടാൻ തയ്യാറായില്ലത്രേ. ഓഗസ്റ്റ് 19 മുതലാണ് തുരങ്കത്തിന്റെ നിർമാണം നിർത്തിവച്ചത്.